Sports
പെരുമ്പാവൂര്: ഉമ്മാച്ചേരില് പൗലോസ് മെമ്മോറിയല് ട്രോഫിക്കു വേണ്ടിയുള്ള 38-മതു സംസ്ഥാന അമ്പെയ്ത്തു ചാമ്പ്യന്ഷില് 13 പോയിന്റുനേടി തൃശൂരും എറണാകുളവും കിരീടം പങ്കിട്ടു.
11 പോയിന്റുമായി തിരുവനന്തപുരം രണ്ടാം സ്ഥാനം നേടിയപ്പോൾ ഏഴു പോയിന്റുമായി വയനാടും കണ്ണൂരും മൂന്നാം സ്ഥാനം പങ്കിട്ടു.
ജൂനിയര് വിഭാഗത്തില് 15 പോയിന്റുമായി തിരുവനന്തപുരം ചാമ്പ്യന്മാരായി. തൃശൂരിനാണു (13) രണ്ടാം സ്ഥാനം.
Kerala
കൊച്ചി: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിശാലമായ സംഘാടക സമിതി രൂപീകരിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മന്ത്രിമാരായ എൻ.ഷംസുദ്ദീൻ, റോജി എം. ജോൺ, അനൂപ് ജേക്കബ്,വി.ഇ.അബ്ദുൾ ഗഫൂർ എന്നിവരാണ് മുഖ്യരക്ഷാധികാരികൾ.
എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ഹാരിസ് ബീരാൻ, ജെബി മേത്തർ എന്നിവരും എംഎൽഎമാരായ അൻവർ സാദത്ത്,വി.പി. സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഉമ തോമസ്, മുഹമ്മദ് ഷിയാസ്, ടോണി ചമ്മിണി, മനോജ് മൂത്തേടൻ, ദീപക് ജോയ്, ഷിബു തെക്കുംപുറം, മേയർ അഡ്വ. വി.കെ. മിനിമോൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണൻ, പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷൽ സെക്രട്ടറി ഡോ.ഡി. സജിത് ബാബു , ജില്ലാ കളക്ടർ ജി.പ്രിയങ്ക, കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ എന്നിവർ രക്ഷാധികാരികളാണ്.
ടി.ജെ. വിനോദ് എംഎൽഎ ചെയർമാനും ഡെപ്യൂട്ടി മേയർ സുധീർ വൈസ് ചെയർമാനായും പ്രവർത്തിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ. വിജയനാണ് ജനറൽ കോ-ഓർഡിനേറ്റർ.
Kerala
കൊച്ചി: എറണാകുളം കോതമംഗലത്ത് നിയന്ത്രണംവിട്ട ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു. ട്രാക്ടറിലുണ്ടായിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ പ്രദീപ്, സത്യ എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് കോതമംഗലം-നേര്യമംഗലം റോഡിലായിരുന്നു അപകടം. പാറപൊട്ടിക്കാൻ ആവശ്യമായ യന്ത്രങ്ങൾ ഘടിപ്പിച്ചിരുന്ന ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടർ എതിർദിശയിൽ വന്ന കാറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ട്രാക്ടർ റോഡിലേയ്ക്ക് തലകീഴായി മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ തൊഴിലാളികൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളത്ത് സിറ്റിംഗ് സീറ്റ് നിലനിര്ത്തി മുന്നണികള്. കൊച്ചി കോര്പ്പറേഷനിലെ അയ്യപ്പന്കാവ് മണ്ഡലത്തില്, ദീപക് ജോയി എംഎല്എയായതിനെ തുടര്ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില് കോണ്ഗ്രസ് സ്ഥാനാര്ഥി എസ്. അജിത്കുമാര് 549 വോട്ടുകള്ക്ക് വിജയിച്ചു.
മുഖ്യമന്ത്രി വിഡി സതീശന്റെ പറവൂര് മണ്ഡലത്തിലെ വടക്കേക്കര പഞ്ചായത്തിലെ ആറാം വാര്ഡില് യുഡിഎഫ് സ്ഥാനാര്ഥി ജോസ് കുനിയന്തോടത്ത് 140 വോട്ടുകള്ക്ക് വിജയിച്ചു. പഞ്ചായത്ത് മെമ്പര് സെബി പുത്തന്വീട്ടില് വിദേശത്ത് ജോലി ലഭിച്ച് രാജിവച്ചതിനെ തുടര്ന്നാണ് ഈ വാര്ഡില് ഉപതെരഞ്ഞെടുപ്പ് നടന്നത്.
പൂതൃക്കയില് ട്വന്റി ട്വന്റി സ്ഥാനാര്ഥി വിജയിച്ചു. ട്വന്റി ട്വന്റിയുടെ ദീനാമ്മ ജേക്കബ് 399 വോട്ടുകള്ക്കാണ് ജയിച്ചത്. ഇതോടെ കോണ്ഗ്രസിനും ട്വന്റി ട്വന്റിക്കും പഞ്ചായത്തില് ഏഴു സീറ്റുകള് വീതമായി.
പാറക്കടവ് പഞ്ചായത്ത് പുളിയനം തെക്ക് നാലാം വാര്ഡില് എല്ഡിഎഫിന്റെ സുഗന്ധി ജോഷി ജയിച്ചു. 207 വോട്ടുകള്ക്കാണ് ജയിച്ചത്. മെമ്പറായിരുന്ന രാജി രാജീവ് വിദേശത്ത് ജോലിക്ക് പോയതിനെ തുടര്ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
Kerala
കൊച്ചി: എറണാകുളത്ത് പ്രിയദർശിനി ബസിൽ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടക്ടർ അപമാനിച്ചെന്ന് പരാതി. ഗുരുവായൂർ - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കെതിരെയാണ് വിദ്യാർഥിനിയുടെ പരാതി.
സീറോ ടിക്കറ്റിന് പണം ആവശ്യപ്പെട്ടെന്നും പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ലെന്ന് പറഞ്ഞും അപമാനിച്ചതായാണ് പരാതി. നോർത്ത് പറവൂർ പൊലിസിലാണ് വിദ്യാർഥിനി പരാതി നൽകിയിട്ടുള്ളത്. അസഭ്യം പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യാത്രക്കാരിൽ ചിലർ മോശമായി പെരുമാറിയെന്നും പരാതിയിലുണ്ട്.
Kerala
കോതമംഗലം: കോതമംഗലം പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം. പല്ലാരിമംഗലം സ്വദേശി സഹൽ സിദ്ദിഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. 11 പവൻ സ്വർണവും 25,000 രൂപയും നഷ്ടപ്പെട്ടതായാണ് പരാതി.
പണവും സ്വർണാഭരണങ്ങളും സൂക്ഷിച്ചിരുന്ന അലമാര തകർത്താണ് കവർച്ച. ബന്ധുവിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനായി വീട്ടുകാർ പുറത്തുപോയ സമയത്താണ് സംഭവം.
രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി വീട്ടുകാർ അറിയുന്നത്. പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
Kerala
കൊച്ചി: പിറവം ഓണക്കൂറില് നിയന്ത്രണംവിട്ട കാര് വീട്ടിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ വീട് ഭാഗികമായി തകർന്നു. ഓണക്കൂർ സ്വദേശി വര്ഗീസ് രാജുവിന്റെ വീടാണ് അപകടത്തിൽ തകർന്നത്. അപകടത്തില് ആര്ക്കും പരിക്കില്ല.
ചൊവ്വാഴ്ച വൈകിട്ട് 5.10 ഓടെയാണ് സംഭവം നടന്നത്. വര്ഗീസും കുടുംബവും അപകട സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. അപകടത്തിന് പിന്നാലെ കാറിലിയുണ്ടായിരുന്ന യുവാക്കള് ഓടി രക്ഷപെട്ടു. പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Kerala
പറവൂർ: എറണാകുളം പറവൂരിൽ ലോട്ടറി വിൽപനക്കാരനെ കത്രികകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. പറവൂർ തെക്കുംപുറം ആറുകണ്ടത്തിൽ എ.ആർ. രാജേഷ് (58) ആണ് പിടിയിലായത്.
ചേന്ദമംഗലം തെക്കുംപുറം പോട്ടശേരി സുമേഷ് (49) ആണ് ആക്രമണത്തിന് ഇരയായത്. കടം കൊടുത്ത ലോട്ടറി ടിക്കറ്റിന്റെ പണം ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഓഗസ്റ്റ് 11ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
രാജേഷ് പല തവണയായി ലോട്ടറി ടിക്കറ്റ് വാങ്ങിയ വകയിൽ 3,300 രൂപ സുമേഷിന് നൽകാനുണ്ടായിരുന്നു. കുടിശികയായിരുന്ന തുക ആവശ്യപ്പെട്ട് സുമേഷ് രാജേഷിന്റെ വീടിന് സമീപത്തെത്തുകയായിരുന്നു. തുടർന്ന് പണം ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെട്ടു.
പിന്നാലെ രാജേഷ് കത്രിക കൊണ്ട് സുമേഷിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ രാജേഷ് ഒളിവിൽ പോയി. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
എറണാകുളം: എറണാകുളം കോലഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഐക്കരനാട് ചിറമ്പാട്ടുവീട്ടിൽ ഏബൽ സിജു ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. അസ്വാഭാവിക മരണത്തിന് പുത്തൻകുരിശ് പൊലിസ് കേസെടുത്തിട്ടുണ്ട്.
Kerala
കൊച്ചി: പെരുമ്പാവൂരിൽ പൊലിസ് ശക്തമായ നടപടികൾ സ്വീകരിച്ചതിന് പിന്നാലെ കളംമാറ്റി പിടിച്ച് ലഹരി മാഫിയ. പെരുമ്പാവൂര് ടൗണില് ലഹരി ഇടപാടുകള്ക്ക് വലിയ തോതില് നിയന്ത്രണം വന്നതോടെ മാഫിയ ഗ്രാമപ്രദേശങ്ങളിലേക്ക് പിടിമുറുക്കുകയാണെന്നാണ് ആക്ഷേപം.
കൂവപ്പടി, ഒക്കല്, രായമംഗലം, വെങ്ങോല, അശമന്നൂര് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് ഇപ്പോള് ലഹരി വില്പന സജീവമായിരിക്കുന്നത്. പെരുമ്പാവൂര് ടൗണിലും സമീപപ്രദേശങ്ങളിലും പൊലിസ് പരിശോധനയും പട്രോളിംഗും ശക്തമായി തുടരുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില് സമാനമായ പരിശോധനകള് നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഗ്രാമപ്രദേശങ്ങളില് വാടകയ്ക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്ക്കൊപ്പം ചില മലയാളികളും ലഹരി വില്പനയില് സജീവമാണെന്നാണ് ലഭിക്കുന്ന വിവരം. ടൗണില് നിന്ന് ഗ്രാമങ്ങളിലേക്ക് മാഫിയയുടെ പ്രവര്ത്തനം വ്യാപിക്കുന്ന സാഹചര്യത്തില് ഈ പ്രദേശങ്ങളിലും പൊലിസ് പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kerala
ആലുവ: ആലുവയിൽ സ്കൂട്ടറിന് പിന്നിൽ ബസിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. ഏലൂക്കര മണപ്പുറം തെറ്റയിൽ എം.കെ. ശശി (64) ആണ് മരിച്ചത്. ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിലാണ് അപകടമുണ്ടായത്.
സ്കൂട്ടർ ഓടിച്ചിരുന്ന വിനീഷ് (47) പരിക്കുകളോടെ ചികിത്സയിലാണ്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിനായി മൃതദേഹം വഹിച്ചുള്ള വാഹനത്തെ അനുഗമിക്കുന്നതിനിടയിലായിരുന്നു അപകടം.
അമ്പാട്ടുകാവിൽ സ്കൂട്ടർ യുടേൺ എടുക്കുന്നതിനിടെ അതേ ദിശയിൽ വന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബസ് ഇടിക്കുകയായിരുന്നു. ഉടൻതന്നെ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശശിയുടെ ജീവൻ രക്ഷിക്കാനായില്ല.
Kerala
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മട്ടാഞ്ചേരി മുസ്ലിയാത്ത് വീട്ടിൽ ഷാജു (44) അറസ്റ്റിലായത്.
എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ട് ഭാഗത്തുനിന്നാന്റ് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ആഗസ്റ്റ് 31-ന് വൈകുന്നേരം മൂന്നോടെ ജോസ് ജംഗ്ഷന് സമീപത്തെ ചായക്കടയിൽ നിൽക്കുകയായിരുന്ന ആലപ്പുഴ സ്വദേശി മാത്യൂ ഉമ്മനെയും സുഹൃത്ത് ഷമീമിനെയുമാണ് പ്രതി കുത്തിയത്.
എറണാകുളം പുളിമൂട്ടിൽ ടെക്സ്റ്റൈൽസിന് സമീപം ലോട്ടറി കച്ചവടം നടത്തിയിരുന്നയാളെ മർദ്ദിക്കുന്നത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലിസ് പറയുന്നു. കത്രിക ഉപയോഗിച്ച് ഷമീമിന്റെ വയറ്റിൽ രണ്ടുതവണയും തടയാൻ ചെന്ന മാത്യൂവിന്റെ നെഞ്ചിൽ മൂന്നുതവണയുമാണ് പ്രതി കുത്തിയത്.
മാത്യൂ ഉമ്മൻ നൽകിയ പരാതിയിലാണ് പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സെൻട്രൽ സബ് ഡിവിഷന്റെ അധിക ചുമതലയുള്ള അസിസ്റ്റന്റ് കമ്മിഷണർ പീറ്റർ ബാബുവിന്റെ നിർദേശപ്രകാരം സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയി, സബ് ഇൻസ്പെക്ടർമാരായ ശ്യാം കുമാർ, മനോജ് കുമാർ, പൊലിസ് ഉദ്യോഗസ്ഥരായ ഹരീഷ് ബാബു, പ്രശാന്ത് ബാബു എന്നിവരടങ്ങിയ സംഘം സിസിടിവി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പൊലിസ് കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ മുൻപും നിരവധി മോഷണ, അടിപിടി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലിസ് വ്യക്തമാക്കി.
Sports
കളമശ്ശേരി: രാജഗിരി കാന്പസ് കോർട്ടിൽ സമാപിച്ച 51-ാമത് സംസ്ഥാന സബ് ജൂനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ആണ്കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും പെണ്കുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരായ എറണാകുളവും കിരീടം ചൂടി.
ആണ്കുട്ടികളുടെ ഫൈനൽ പോരാട്ടത്തിൽ കോഴിക്കോട് (64-41) സ്കോറിന് കോട്ടയത്തെ പരാജയപ്പെടുത്തി. ആലപ്പുഴയെ കീഴ്പ്പെടുത്തിയാണ് (60-46) പെണ്കുട്ടികളുടെ ഫൈനലിൽ എറണാകുളം കിരീടം ചൂടിയത്.
മൂന്നാം സ്ഥാനത്തിനായുള്ള മത്സരങ്ങളിൽ ആണ്കുട്ടികളുടെ വിഭാഗത്തിൽ തൃശൂരിനെ പരാജയപ്പെടുത്തി (56-45) എറണാകുളം വെങ്കല മെഡൽ സ്വന്തമാക്കി. പെണ്കുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം (35-32) സ്കോറിന് കോഴിക്കോടിനെ മറികടന്ന് വെങ്കലം നേടി.
ചാന്പ്യൻഷിപ്പിന്റെ സമാപന ചടങ്ങിൽ ഫിഷറീസ്-സാമൂഹിക നീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ സമ്മാനദാനം നിർവഹിച്ചു.
എറണാകുളം ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ രക്ഷാധികാരിയും രാജഗിരി പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ റവ. ഫാ. മാർട്ടിൻ മുണ്ടാടൻ സിഎംഐ, മീരാൻ ഫൗണ്ടേഷൻ ചെയർമാനും ഈസ്റ്റേണ് ഗ്രൂപ്പ് സി.ഇ.ഒയും കെ.എഫ്.എ പ്രസിഡന്റുമായ നവാസ് മീരാൻ എന്നിവർ വിജയികൾക്ക് ട്രോഫികൾ കൈമാറി.
Kerala
കൊച്ചി: ലഹരിക്കെതിരേ ശക്തമായ നടപടികളുമായി മുന്നേറുന്ന ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി സംസ്ഥാനത്തു നടന്ന അറസ്റ്റിൽ എറണാകുളം ജില്ല മുന്നിൽ. എറണാകുളം സിറ്റിയിലും റൂറലിലുമായി 1,393 പേരാണ് അറസ്റ്റിലായത്. സംസ്ഥാനത്താകെ ഇതുവരെ 10,015 പേരെ അറസ്റ്റ് ചെയ്തു. 9,280 കേസുകൾ രജിസ്റ്റർ ചെയ്തു.
എറണാകുളത്തിനു പിന്നാലെ കോഴിക്കോട് 1373, മലപ്പുറം 999, തിരുവനന്തപുരം 894, കൊല്ലം 846 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കുറവ് കാസർഗോഡാണ്. 197 കേസുകളിലായി 229 പേരെ അറസ്റ്റ് ചെയ്തു.
കേസുകളുടെ എണ്ണം 9,280 ആകുമ്പോൾ രണ്ടാമത് എറണാകുളം തന്നെയാണ്. ഇവിടെ 1.261 കേസുകൾ രജിസ്റ്റർ ചെയ്തു. 1327 കേസുമായി കോഴിക്കോട് ഒന്നാം സ്ഥാനത്തും 875 കേസുകളുമായി മലപ്പുറം മൂന്നാം സ്ഥാനത്തുമുണ്ട്.
വിവിധ കേസുകളിലായി സംസ്ഥാനത്ത് ഇതുവരെ 8.28 കിലോഗ്രാം എംഡിഎംഎയും 1004.784 കിലോഗ്രാം കഞ്ചാവും 2382 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്.
Kerala
കൊച്ചി: അഭിഭാഷക കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലാ കോടതിയും കീഴ്ക്കോടതികളും അഭിഭാഷകർ ബഹിഷ്കരിക്കും. വക്കാലത്ത് എടുത്ത അഭിഭാഷകരുടെ കുടുംബത്തെ ആക്രമിച്ച സംഭവത്തിലാണ് അസോസിയേഷന്റെ പ്രതിഷേധം.
പ്രതികൾക്കുവേണ്ടി ആരും വക്കാലത്ത് എടുക്കരുതെന്നും അഭിഭാഷക അസോസിയേഷൻ ആവശ്യപ്പെട്ടു. എറണാകുളം മുരുക്കുംപാടത്തെ അഭിഭാഷക ദമ്പതികളായ ടി.എം.ഡോൾഗോയുടെയും നീമയുടെയും വീട്ടിലാണ് കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ആക്രമണമുണ്ടായത്. ഇരുവരും അടുത്തിടെ ഒരു ഗാർഹിക പീഡനക്കേസ് ഏറ്റെടുത്തിരുന്നു.
ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. പ്രദേശവാസികളായ മുരുക്കുംപാടം കോമത്ത് വീട്ടിൽ ഡാസ്റ്റർ(വേലു), ഡൈനാസ്റ്റർ (വാവക്കുട്ടി) എന്നിവരാണ് ആക്രമണം നടത്തിയതെന്നും ഇവർ അറസ്റ്റിലായെന്നും പോലീസ് പറഞ്ഞു. അക്രമിസംഘം വീട്ടിലെത്തുമ്പോൾ അഭിഭാഷകന്റെ 80 വയസുള്ള പിതാവ് മോഹൻദാസ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
അക്രമികൾ മോഹൻദാസിനെയും പ്രതികൾ ആക്രമിച്ചെന്ന് പരാതിയിൽ പറയുന്നു. ഡാസ്റ്ററിന്റെ ഭാര്യ നൽകിയ സ്വകാര്യ അന്യായം അഭിഭാഷകർ ഏറ്റെടുത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. അഭിഭാഷകർക്കെതിരായ ആക്രമണങ്ങളിൽ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് കോടതി ബഹിഷ്കരണത്തിലേക്ക് അഭിഭാഷകർ നീങ്ങുന്നത്.
Kerala
കൊച്ചി: എറണാകുളത്ത് കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. ഗജപതി സ്വദേശിയായ സൗമ്യ പ്രകാശ് നായക് (26) ആണ് പിടിയിലായത്. കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രകാശ് നായകിനെ പിടികൂടിയത്.
'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്' ന്റെ ഭാഗമായാണ് പരിശോധന നടന്നത്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപത്തുനിന്നാണ് ഇയാളെ പോലീസിന്റെ പ്രത്യേക സംഘം തടഞ്ഞുവെച്ച് പരിശോധിച്ചത്. പ്രതിയുടെ പക്കലുണ്ടായിരുന്ന 1.956 കിലോഗ്രാം കഞ്ചാവ് പോലീസ്
പിടിച്ചെടുത്തു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതിയെ വലയിലാക്കിയത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ ലഹരിവസ്തുക്കൾ കൊച്ചിയിലേക്ക് എത്തിച്ച് വിൽപന നടത്തുന്ന സംഘങ്ങളിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് സംശയിക്കുന്നു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Sports
തിരുവനന്തപുരം: എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം ആലുവ താലൂക്കിലെ ചെങ്ങമനാട് വില്ലേജിലുള്ള 10.1312 ഹെക്ടർ ഭൂമി തരംമാറ്റുന്നതിന് കൃഷിവകുപ്പ് അനുമതി നൽകി. കേരള സ്പോർട്സ് നയങ്ങളുടെ അടിസ്ഥാനത്തിൽ പദ്ധതിയെ പൊതു ആവശ്യമായി പരിഗണിച്ചാണ് നടപടി.
പാരിസ്ഥിതിക മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് സുസ്ഥിരമായ രീതിയിൽ നിർമിക്കുന്ന സ്റ്റേഡിയത്തിൽ ക്രിക്കറ്റിന് പുറമെ മറ്റ് കായിക ഇനങ്ങൾക്കുമുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ദേശീയ-അന്തർദേശീയ മത്സരങ്ങൾക്കും കായിക ടൂറിസത്തിനും വേദിയാകുന്നതിലൂടെ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയും കായിക അടിസ്ഥാന സൗകര്യങ്ങളും വലിയ കുതിച്ചുചാട്ടം നടത്തും.
അന്താരാഷ്ട്ര സ്റ്റേഡിയത്തിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് അപേക്ഷ സമർപ്പിച്ചത്. തുടർനടപടികൾ വേഗത്തിലാക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഇടപെട്ടതോടെയാണ് പദ്ധതിക്ക് വേഗം കൂടിയത്.
Kerala
കൊച്ചി: അഖില ഭാരതീയ വിദ്യാര്ഥി പരിഷത്തിന്റെ കേന്ദ്ര പ്രവര്ത്തകസമിതി യോഗം ഇന്നും നാളെയും എറണാകുളത്ത്.
ദേശീയ ഭാരവാഹികള്, ക്ഷേത്രീയ സംഘടന സെക്രട്ടറിമാര്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നുമുള്ള വിദ്യാര്ഥി നേതാക്കള് എന്നിവര് പങ്കെടുക്കും.
Kerala
കൊച്ചി: എറണാകുളത്ത് മെഡിക്കൽ ഷോപ്പ് ഉടമയ്ക്കും ഭാര്യയ്ക്കും നേരെ ആക്രമണം. എറണാകുളം കളമശേരിയിലാണ് സംഭവം. വൈകിട്ട് 7.30ഓടെയാണ് മെഡിക്കൽ ഷോപ്പിലെത്തിയ യുവാവ് അതിക്രമം നടത്തിയത്.
സംഭവത്തിൽ യുസി കോളജിനടുത്ത് താമസിക്കുന്ന മനാഫ്, ഭാര്യ നാജിയ എന്നിവര്ക്കാണ് പരിക്കേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ ഇരുവരെയും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലഹരിക്കടിമയായ യുവാവ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തിൽ കളമശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: മുട്ടിൽ മരമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി. എറണാകുളം അമ്പലമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
വനംവകുപ്പിന്റെ പാസുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വയനാട്ടിൽ നിന്ന് കടത്തിയ മരങ്ങൾ അമ്പലമേട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്വകാര്യ മര കമ്പനിക്ക് വിറ്റതിനാണ് പോലീസ് കേസെടുത്തത്. മരങ്ങൾ കൊണ്ടുപോകാൻ ഫോം 3 പാസ് ആവശ്യമില്ലെന്ന പ്രതികളുടെ വാദവും കോടതി തള്ളി.
നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് പ്രതികൾ നൽകിയ ഹർജി ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയും തള്ളിയിരുന്നു. അമ്പലമേടുകളിലെ കമ്പനിക്ക് വിറ്റ മരങ്ങൾ കേസിന്റെ ഭാഗമായി പിന്നീട് വനംവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു.
District News
കൊച്ചി: പെണ്കുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പോലീസുകാര്ക്ക് നേരെ ആക്രമണം. പോലീസിനെ ആക്രമിച്ച സംഭവത്തില് ഇടുക്കി തങ്കമണി പാണ്ടിപ്പാറ കൊട്ടുകൊട്ടിയില് വീട്ടില് ജസ്റ്റിന് കുര്യനെയാണ് (28) എറണാകുളം നോര്ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ഫോര്ട്ടുകൊച്ചി ഇന്സ്പെക്ടര് കെ. സി രതീഷിന്റെ ഇടതു കൈയിലാണ് ജസ്റ്റിന് കടിച്ച് പരിക്കേല്പ്പിച്ചത്. രതീഷ് എറണാകുളം വെസ്റ്റ് സബ് ഡിവിഷനില് ഡ്യൂട്ടി ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച പുലര്ച്ചെ 1.50ന് കലൂര് ജംഗ്ഷനിലായിരുന്നു സംഭവം. സ്ത്രീകള്ക്കെതിരായ അതിക്രമത്തിനും പോലീസിന്റെ ഔദ്യോഗിക കൃത്യനിര്വഹണം തടസപ്പെടുത്തിയതിനും ദേഹോപദ്രവം ഏല്പ്പിച്ചതിനുമാണ് അറസ്റ്റ്.
കലൂര് ജംഗ്ഷനില് നാല് യുവതികളെ ശല്യപ്പെടുത്തുന്നുവെന്ന വിവരത്തെതുടര്ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ജസ്റ്റിന് പോലീസിനോട് കയര്ത്തു സംസാരിച്ചു. ഇയാളെ പോലീസ് ജീപ്പില് കയറ്റാന് ശ്രമിച്ചപ്പോള് രതീഷിനെയും കൂടെയുള്ള പോലീസുകാരെയും ചവിട്ടി. തുടര്ന്ന് രതീഷിന്റെ ഇടതുകൈയുടെ തള്ളവിരലിനും ചൂണ്ടുവിരലിനുമിടയില് കടിച്ച് പരിക്കേല്പ്പിക്കുകയായിരുന്നു.
പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് എറണാകുളം നോര്ത്ത് പോലീസ് പറഞ്ഞു. ഇയാളെ എറണാകുളം ജനറല് ആശുപത്രിയില് എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
District News
ഏറ്റുമാനൂര്: രാവിലെ എറണാകുളത്തേക്കുള്ള ട്രെയിന് യാത്ര ദുരിതയാത്രയായി തുടരുന്നു. തിങ്കളാഴ്ചകളില് തിരക്ക് പതിന്മടങ്ങ് വര്ധിക്കും. ട്രെയിനിനുള്ളില് ശ്വാസം കിട്ടാതെ യാത്രക്കാര് മോഹാലസ്യപ്പെട്ട് വീഴുന്നത് തിങ്കളാഴ്ചകളിലെ പതിവ് കാഴ്ചയാണ്. തിങ്കളാഴ്ചകളില് രാവിലെ എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകളില് കയറിപ്പറ്റുക അത്ര എളുപ്പമല്ല. മെമുവിലും പാലരുവിയിലും വന് തിരക്കാണ്. കോട്ടയം മുതല് ട്രെയിനുള്ളില് പ്രവേശിക്കാന് സാധിക്കാതെ സ്ത്രീകളും വിദ്യാര്ഥികളുമടക്കം വാതില്പ്പടിയില് നിന്നാണ് യാത്ര ചെയ്യുന്നത്.
മെമുവിന് കോച്ചുകള് കുറവായതിനാല് ചിങ്ങവനം മുതല് ചോറ്റാനിക്കര വരെ അഞ്ചുസ്റ്റേഷനുകളില് സ്റ്റോപ്പുകള് നിഷേധിച്ചിരിക്കുകയാണ്. കോട്ടയത്തുനിന്ന് രാവിലെ ഒരു മെമു അനുവദിക്കണമെന്നത് വര്ഷങ്ങളായുള്ള ആവശ്യമാണ്. കോട്ടയത്ത് നിന്നുള്ള തിരക്കാണ് ട്രെയിനില് വായുസഞ്ചാരം പോലും നഷ്ടപ്പെടുത്തി യാത്ര ദുസഹമാക്കുന്നത്.
വൈകുന്നേരം എറണാകുളത്ത് നിന്നുള്ള മടക്കയാത്രയും അതീവ ദുരിതമാണ്. തൃപ്പൂണിത്തുറയില് നിന്നും യാത്രക്കാര് വാതില്പ്പടിയില് തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് ട്രെയിന് നീങ്ങി ത്തുടങ്ങുന്നത്. ഗുരുവായൂര് - എറണാകുളം പാസഞ്ചര് കോട്ടയത്തേക്കു ദീര്ഘിപ്പിച്ചാല് തിരക്കിന് കുറവുണ്ടാകും. എന്നാല് ഈ ആവശ്യം റെയില്വേ പരിഗണിക്കുന്നില്ല.
അഞ്ചു പ്ലാറ്റ്ഫോമുകളുമായി കോട്ടയം റെയില്വേ സ്റ്റേഷന് നവീകരിച്ചെങ്കിലും പുതുതായി ഒരു ട്രെയിന് പോലും കോട്ടയത്തിന് ലഭിച്ചില്ല. എറണാകുളം ഭാഗത്തേക്കു മെമു സര്വീസുകള്ക്കായി നിര്മ്മിച്ച 1 എ പ്ലാറ്റ്ഫോം നാലു വര്ഷമായി വെറുതെ കിടക്കുകയാണ്. എറണാകുളത്ത് അവസാനിക്കുന്ന ഒരു ട്രെയിന് പോലും കോട്ടയത്തേക്കു ദീര്ഘിപ്പിക്കാനും റെയില്വേ തയാറാകുന്നില്ല. കോട്ടയത്തിനും എറണാകുളത്തിനുമിടയില് റെയില്വേ യാത്രക്കാര് അനുഭവിക്കുന്ന ദുരിതമകറ്റാന് ജനപ്രതിനിധികള് അടിയന്തരമായി ഇടപെടണമെന്ന് യാത്രക്കാര് ആവശ്യപ്പെടുന്നു.
Kerala
ഏറ്റുമാനൂർ: രാവിലെ എറണാകുളത്തേയ്ക്കുള്ള ട്രെയിൻ യാത്ര ദുരിതയാത്രയായി തുടരുന്നു. തിങ്കളാഴ്ചകളിൽ തിരക്ക് പതിന്മടങ്ങ് വർധിക്കും. ട്രെയിനിനുള്ളിൽ ശ്വാസം കിട്ടാതെ യാത്രക്കാർ മോഹാലസ്യപ്പെട്ട് വീഴുന്നത് തിങ്കളാഴ്ചകളിലെ പതിവ് കാഴ്ചയാണ്.
തിങ്കളാഴ്ചകളിൽ രാവിലെ എറണാകുളം ഭാഗത്തേയ്ക്കുള്ള ട്രെയിനുകളിൽ കയറിപ്പറ്റുക അത്ര എളുപ്പമല്ല. മെമുവിലും പാലരുവിയിലും വൻ തിരക്കാണ്. കോട്ടയം മുതൽ ട്രെയിനിന് ഉള്ളിൽ പ്രവേശിക്കാൻ സാധിക്കാതെ സ്ത്രീകളും വിദ്യാർഥികളുമടക്കം യാത്രക്കാർ വാതിൽപ്പടിയിൽ നിന്നാണ് യാത്ര ചെയ്യുന്നത്.
മെമുവിന് കോച്ചുകൾ കുറവായതിനാൽ ചിങ്ങവനം മുതൽ ചോറ്റാനിക്കര വരെ അഞ്ചുസ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ നിഷേധിച്ചിരിക്കുകയാണ്. കോട്ടയത്തു നിന്ന് രാവിലെ ഒരു മെമു അനുവദിക്കണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. കോട്ടയത്ത് നിന്നുള്ള തിരക്കാണ് ട്രെയിനിൽ വായുസഞ്ചാരം പോലും നഷ്ടപ്പെടുത്തി യാത്ര ഏറെ ദുസഹമാക്കുന്നത്. ഇതിന് പരിഹാരം ഉണ്ടാകണമെങ്കിൽ രാവിലെ കോട്ടയത്ത് നിന്ന് പുതിയ ഒരു സർവീസ് ആരംഭിക്കണം
വൈകുന്നേരം എറണാകുളത്ത് നിന്നുള്ള മടക്കയാത്രയും അതീവ ദുരിതമാണ്. തൃപ്പൂണിത്തുറയിൽ നിന്നും യാത്രക്കാർ വാതിൽപ്പടിയിൽ തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് ട്രെയിൻ നീങ്ങി തുടങ്ങുന്നത്. ഗുരുവായൂർ - എറണാകുളം പാസഞ്ചർ കോട്ടയത്തേയ്ക്ക് ദീർഘിപ്പിച്ചാൽ തിരക്കിന് കുറവുണ്ടാകും.എന്നാൽ ഈ ആവശ്യം റെയിൽവേ പരിഗണിക്കുന്നില്ല.
അഞ്ചു പ്ലാറ്റ്ഫോമുകളുമായി കോട്ടയം റെയിൽവേ സ്റ്റേഷൻ നവീകരിച്ചെങ്കിലും പുതുതായി ഒരു ട്രെയിൻ പോലും കോട്ടയത്തിന് ലഭിച്ചില്ല. എറണാകുളം ഭാഗത്തേയ്ക്ക് മെമു സർവീസുകൾക്കായി നിർമ്മിച്ച 1എ പ്ലാറ്റ്ഫോം നാലു വർഷമായി വെറുതെ കിടക്കുകയാണ്. എറണാകുളത്ത് അവസാനിക്കുന്ന ഒരു ട്രെയിൻ പോലും കോട്ടയത്തേയ്ക്ക് ദീർഘിപ്പിക്കാനും റെയിൽവേ തയ്യാറാകുന്നില്ല.
കോട്ടയത്തിനും എറണാകുളത്തിനുമിടയിൽ റെയിൽവേ യാത്രക്കാർ അനുഭവിക്കുന്ന ദുരിതമകറ്റാൻ ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
Kerala
പരവൂര്: ഓണം പ്രമാണിച്ച് കേരളത്തിനും ബംഗളൂരുവിനുമിടയിലെ യാത്രാത്തിരക്ക് പരിഹരിക്കുന്നതിനായി ദക്ഷിണ റെയില്വേ പ്രത്യേക പ്രതിവാര എക്സ്പ്രസ് സര്വീസുകള് പ്രഖ്യാപിച്ചു. എറണാകുളം ജംഗ്ഷന് - സര് എം. വിശ്വേശ്വരയ്യ ടെര്മിനല് ബംഗളൂരു റൂട്ടിലാണ് സ്പെഷല് ട്രെയിനുകള് സര്വീസ് നടത്തുക.
ഓണക്കാലത്തെ അധിക തിരക്ക് കണക്കിലെടുത്ത് ട്രെയിന് നമ്പര് 06147 / 06148 സര്വീസുകള്ക്ക് അനുമതി നല്കിക്കൊണ്ട് റെയില്വേ തിരുവനന്തപുരം ഡിവിഷണല് ഓഫീസ് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. ഇരുവശത്തേക്കുമായി അഞ്ച് ട്രിപ്പുകള് വീതമാണ് ഈ സ്പെഷല് ട്രെയിന് സര്വീസ് നടത്തുക.
സര്വീസ് വിവരങ്ങളും തീയതികളും
ട്രെയിന് നമ്പര് 06147 (എറണാകുളം - ബംഗളൂരു): ഓഗസ്റ്റ് ഒമ്പത് മുതല് സെപ്റ്റംബര് ആറു വരെയുള്ള ഞായറാഴ്ചകളില് എറണാകുളത്തുനിന്ന് സര്വീസ് ആരംഭിക്കും. ഞായറാഴ്ചകളില് രാത്രി 11.10ന് പുറപ്പെടുന്ന ട്രെയിന് തൊട്ടടുത്ത ദിവസം (തിങ്കള്) ഉച്ചയ്ക്ക് 12.45ന് ബംഗളൂരുവില് എത്തിച്ചേരും.
ട്രെയിന് നമ്പര് 06148 (ബംഗളൂരു - എറണാകുളം): ഓഗസ്റ്റ് 10 മുതല് സെപ്റ്റംബര് ഏഴു വരെയുള്ള തിങ്കളാഴ്ചകളില് ബംഗളൂരുവില്നിന്ന് സര്വീസ് നടത്തും. തിങ്കളാഴ്ചകളില് വൈകുന്നേരം നാലിന് പുറപ്പെടുന്ന ട്രെയിന് ചൊവ്വാഴ്ച രാവിലെ 5.45-ന് എറണാകുളത്ത് തിരിച്ചെത്തും. ഓണക്കാലത്തെ ടിക്കറ്റ് ബുക്കിംഗ് വരുംദിവസങ്ങളില് ആരംഭിക്കുമെന്നും റെയില്വേ അധികൃതര് അറിയിച്ചു.
Kerala
കൊച്ചി: എറണാകുളം എംജി റോഡിലെ തകർന്ന കെട്ടിടം പൊളിച്ചു നീക്കാനുള്ള നടപടികൾ ഇന്നുമുതൽ ആരംഭിക്കും. പ്രാരംഭ നടപടികൾ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു.
കെട്ടിടം പൊളിച്ചു നീക്കുന്നതിന്റെ ചെലവ് പൂർണമായും കെട്ടിടം ഉടമയിൽ നിന്നും ഈടാക്കും. സമീപത്തുണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരവും ഉടമ നൽകണം. ഒരാഴ്ചകൊണ്ട് പൊളിക്കുന്ന ജോലികൾ പൂർത്തിയാക്കുമെന്നാണ് കരാർ കമ്പനി പറയുന്നത്.
അതേസമയം അശാസ്ത്രീയമായാണ് കെട്ടിടം പൊളിക്കൽ നടക്കുന്നതെന്നും ആരോപണമുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജോസ് ജംഗ്ഷന് സമീപം ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ കെട്ടിടം സമീപത്തുള്ള കെട്ടിടത്തിലേക്ക് ചെരിഞ്ഞത്.
District News
ആലുവ: എറണാകുളം ജില്ലയില് വിശാല കൊച്ചിയിലെ ജനങ്ങള് ആലുവയില് നിന്നുള്ള കുടിവെള്ള പമ്പിംഗിനെയാണ് ആശ്രയിക്കുന്നത്. പ്രതിദിനം 290 എംഎല്ഡി ജലമാണ് ആലുവ പമ്പില് നിന്ന് വിശാല കൊച്ചിയടക്കം മേഖലകളിലേക്ക് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനീയര് അബ്ദുള് സത്താര് പറഞ്ഞു. പമ്പിന്റെ ശേഷിയേക്കാൾ കൂടുതലായാണ് പമ്പിംഗ് നടത്തുന്നത്. ഇതു കൂടാതെ ടാങ്കര് ലോറികളിലും കുടിവെള്ളം പോകുന്നുണ്ട്.
കൊച്ചി കോര്പറേഷന്, ആലുവ, കളമശേരി, തൃക്കാക്കര, ഏലൂര് നഗരസഭകള്, കീഴ്മാട്, എടത്തല, ചൂര്ണിക്കര, എളങ്കുന്നപ്പുഴ, ഞാറക്കല്, മുളവുകാട് പഞ്ചായത്തുകള് എന്നിവിടങ്ങളിലേക്കാണ് ആലുവയില് നിന്ന് നേരിട്ട് കുടിവെള്ളം എത്തുന്നത്.
പഴയ കുടിവെള്ള വിതരണ പൈപ്പുകള് മാറ്റി സ്ഥാപിക്കുന്ന പദ്ധതി പൂര്ത്തീകരിക്കാത്തതാണ് ജലവിതരണ സംവിധാനത്തെ ബാധിക്കുന്ന പ്രശ്നം.
ആലുവ നഗരത്തില് ഇനിയും കാലഹരണപ്പെട്ട പൈപ്പുകള് മാറ്റി സ്ഥാപിക്കാനുണ്ട്. മന്ത്രി പി.ജെ. ജോസഫ് ജലവിഭവ മന്ത്രിയായിരുന്നപ്പോള് പ്രഖ്യാപിച്ച പദ്ധതിയാണിത്.
ചെളി പണി തരും
പെരിയാറിലെ ജലനിരപ്പ് ഇടുക്കി ജില്ലയിലെ അണക്കെട്ടുകളില് നിന്ന് മതിയായ രീതിയില് ജലം തുറന്നുവിട്ടാണ് ക്രമീകരിക്കുന്നത്. മഴക്കാലത്ത് ചെളിയുടെ അളവ് ഉയര്ന്നാല് പമ്പിംഗ് നിര്ത്തേണ്ടി വരാറുണ്ട്. എന്നാല് ഈ വര്ഷം അതിന്റെ ആവശ്യം വന്നിട്ടില്ല. പെരിയാറിൽ 100 മുതല് 220 വരെ എന്ടിയു (നെഫ്ലോമാറ്റിക് ടര്ബിഡിറ്റി യൂണിറ്റ്) ചെളിയാണ് ഉയരാറ്. ആലവും കുമ്മായവും കലര്ത്തി അഞ്ച് എന്ടിയുവിലേക്കു താഴ്ത്തിയാണു വിതരണം ചെയ്യുക. 2018ല് മഹാപ്രളയ സമയത്ത് 400 എന്ടിയു വരെ ചെളി ഉയര്ന്നിട്ടുണ്ട്.
ഇഴഞ്ഞു നീങ്ങി പദ്ധതികൾ
വര്ധിച്ചുവരുന്ന കൊച്ചിയുടെ കുടിവെള്ള ആവശ്യം മുന്നിര്ത്തി 500 കോടി രൂപയോളം മുടക്കി വര്ഷങ്ങള്ക്ക് മുമ്പ് പുതിയ ജലവിതരണ പ്ലാന്റ് ആലുവ പമ്പ് ജംഗ്ഷനില് മാതാ മാധുര്യ തിയറ്ററിന് പിന്നിലായി പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ വാട്ടര് അഥോറിറ്റി ക്വാര്ട്ടേഴ്സ് ഉണ്ടായിരുന്ന ഏറ്റവും ഉയര്ന്ന സ്ഥലമാണ് ഇതിനായി കണ്ടെത്തിയത്. 190 എംഎല്ഡി ശേഷിയുള്ള പ്ലാന്റ് വന്നാല് കളമശേരി, ഏലൂര് മുതല് ഇടക്കൊച്ചി വരെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. കിന്ഫ്ര വ്യവസായ മേലേയ്ക്ക് വെള്ളം എത്തിക്കാനായി മറ്റൊരു ജലവിതരണ പദ്ധതി പ്രവര്ത്തനങ്ങള് കളമശേരിയിലേക്ക് ആരംഭിച്ചെങ്കിലും പാതിവഴിയിലാണ്.
ഇതിനായി ആലുവ-പെരുമ്പാവൂര് കെഎസ്ആര്ടിസി റൂട്ടിലെ തോട്ടുമുഖത്ത് വലിയ ജലസംഭരണിയും പണിതിട്ടുണ്ട്. പക്ഷെ എടയപ്പുറം റോഡ് വെട്ടിപ്പൊളിച്ച് പെരുമ്പാവൂർ പ്രൈവറ്റ് ബസ് റൂട്ടിലേക്ക് ഭൂഗര്ഭ കുഴലുകള് സ്ഥാപിച്ചത് നാട്ടുകാര് എതിർത്തു. പ്രതിഷേധം ശക്തമായതോടെ പ്രവൃത്തികൾ നിര്ത്തിവച്ചിരിക്കുകയാണ്. വന്തോതില് ജലചൂഷണം നടന്നാല് പുഴയിലെ ജലനിരപ്പ് കുറയുമെന്നാണ് വാട്ടര് അഥോറിറ്റി ഹൈഡ്രോളജി വിഭാഗത്തിന്റെ പഠന റിപ്പോര്ട്ട്. കിന്ഫ്രയിലേക്ക് 20 എംഎല്ഡിയാണ് ജലം എടുക്കുക.
മൂവാറ്റുപുഴക്കാർക്കും മുടങ്ങും
മൂവാറ്റുപുഴ: വേനല് കടുത്താല് മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില് കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇതിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വേനല് ശക്തിപ്രാപിച്ചാല് ജലാശയങ്ങള് വറ്റിവരളും. ഇതോടെ പുഴയിലും കിണറുകളിലും ജലനിരപ്പ് ക്രമാതീതമായി താഴും.
പുഴയിലെ ജലനിരപ്പ് താഴുന്നതോടെ പമ്പിംഗ് സ്റ്റേഷനുകളുടെ സാധാരണനിലയ്ക്കുള്ള പ്രവര്ത്തനങ്ങൾ അവതാളത്തിലാക്കും. പിവിഐപി, എംവിഐപി കനാലുകള് വഴിയുള്ള ജലവിതരണവും ഭാഗികമായി നിലയ്ക്കും. ഇതോടെ പ്രാദേശിക കുടിവെള്ള പദ്ധതി പ്രവര്ത്തനവും തടസപ്പെടും.
ജൽജീവൻ പദ്ധതികൾ പാതിവഴിയിൽ
ജൽജീവന് മിഷന് പദ്ധതികള് പലയിടത്തും പാതിവഴിയില് നിലച്ചിരിക്കുകയാണ്. മൂവാറ്റുപുഴ നഗരസഭാ പരിധിയില് കിഴക്കേക്കര, രണ്ടാര്, വാഴപ്പിള്ളി, ആനച്ചാല്, കുര്യന്മല, പായിപ്ര പഞ്ചായത്തിലെ കൂരിക്കാവ്, മാനാറി, അയ്യപ്പന് നഗര്, തേരാപ്പാറ, കറുകപ്പിള്ളി, ശൂലംകുഴി, നിരപ്പ്, അയിരുമല, മൂങ്ങാച്ചാല്, പെരുമറ്റം, ആട്ടായം എന്നിവിടങ്ങളിലും മഞ്ഞള്ളൂര് പഞ്ചായത്തിലെ ചക്കിപ്പാറ, പൈങ്ങോട്ടൂര് പഞ്ചായത്തിലെ പൊതക്കുളം, മണിപ്പാറ, കടവൂര്, ഞാറക്കാട്, മാവുംതൊട്ടി, കല്ലൂര്ക്കാട് പഞ്ചായത്തില് മണലിപീടിക, മലനിരപ്പ്, ചാറ്റുപാറ, ചെമ്പന്മല, മരുതൂര്, മണിയന്ത്രം എന്നിവിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാകാറുണ്ട്.
ആവോലി പഞ്ചായത്തിലെ വടക്കുംമല, നെല്ലിപ്പിള്ളി കവല, നടുക്കര, കാവന, മാറാടി പഞ്ചായത്തില് വിലങ്ങുപാറ എന്നീ കേന്ദ്രങ്ങളിലും ജലലഭ്യത ഉറപ്പാക്കാന് ബന്ധപ്പെട്ട അധികാരികള് ശ്രമിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. മണ്ഡലത്തില് പാതിവഴിയില് മുടങ്ങിക്കിടക്കുന്ന ജൽജീവന് മിഷന് പദ്ധതികള് പൂര്ത്തീകരിച്ചാല് കുടിവെള്ളക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്ന് നാട്ടുകാര് പറയുന്നു.
തയാറാക്കിയത്
ബോബൻ ബി. കിഴക്കേത്തറ
രാജേഷ് രണ്ടാർ
District News
കൊച്ചി: മഹാരാജാസ് കോളജ് ഹോസ്റ്റലില് നിന്നു കട്ടിലുകള് മോഷ്ടിക്കാന് ശ്രമിച്ച പൂര്വവിദ്യാര്ഥിയെ പോലീസ് പിടികൂടി. 2024ല് പഠിച്ചിറങ്ങിയ അങ്കമാലി സ്വദേശി ആന്സ്റ്റനെ ആണ് സെന്ട്രല് പോലീസ് അറസ്റ്റ് ചെയ്തത്. മൊബൈല് ആപ്പ് വഴി പെട്ടിഓട്ടോ ബുക്ക് ചെയ്ത് പുലര്ച്ചെ കട്ടിലുകളുമായി കടന്നുകളയാന് ശ്രമിച്ചപ്പോള് സെക്യൂരിറ്റി ജീവനക്കാരന് തടയുകയായിരുന്നു.
ഇന്നലെ പുലര്ച്ചെയായിരുന്നു സംഭവം. എട്ടു കട്ടിലുകളാണ് ഇയാള് കടത്താന് ശ്രമിച്ചത്. കട്ടിലുകളില് മൂന്നെണ്ണം പൂര്ണ രൂപത്തിലും അഞ്ചെണ്ണം അഴിച്ചെടുത്ത നിലയിലുമായിരുന്നു. സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരന് ചോദ്യം ചെയ്തപ്പോള് മൂട്ടയെ കൊല്ലുന്നതിനായി അങ്കമാലിയിലെത്തിച്ച് മരുന്നടിക്കാൻ കൊണ്ടുപോകുകയാണ് എന്നായിരുന്നു മറുപടി.
എന്നാല് ആരാണ് ചുമതലപ്പെടുത്തിയെന്ന് ചോദിച്ചപ്പോള് ഉത്തരമുണ്ടായില്ല. ഹോസ്റ്റല് വാര്ഡന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സെന്ട്രല് പോലീസ് ആന്സ്റ്റനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പഠന കാലത്ത് ആന്സ്റ്റന് ഹോസ്റ്റലില് താമസിച്ചിരുന്നു. അത്തരം ആളുകള് പലരും ഹോസ്റ്റലില് വരാറുള്ളതിനാല് ആദ്യം സെക്യൂരിറ്റി സംശയിച്ചിരുന്നില്ല. കവര്ച്ചയ്ക്ക് മുന്പ് ചില സുഹൃത്തുക്കളെ ഇയാള് ഫോണില് വിളിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്ഡ് ചെയ്തു.
District News
ഉദയംപേരൂർ: പ്ലസ് വൺ തുടർപഠനത്തിന് അനുവദിക്കാതെ പിതാവ് വഴക്കു പറഞ്ഞതിൽ വിഷമിച്ച് പോലീസിൽ പരാതി നൽകാനായി സഹായം തേടിയ പതിനാറുകാരിയെ ഇൻസ്റ്റഗ്രാം സുഹൃത്തും കൂട്ടാളികളും ചേർന്ന് കടത്തിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം പുഴക്കാട്ടിരി ചെറുകുന്നത്തുപറമ്പിൽ കെ. ബീന (അമ്മു-34), ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി പി.എ. പ്രതാപൻ (31), ആർ. രാഹുൽ (26) എന്നിവരെയാണ് ഉദയംപേരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കായംകുളം പത്തിയൂർ സ്വദേശിനിയായ പെൺകുട്ടിക്ക് പഴയ സ്കൂളിൽ അലോട്ട്മെന്റ് ലഭിച്ചെങ്കിലും പിതാവ് വിലക്കിയതിനെ തുടർന്ന് കുട്ടി ഈ വിവരം ഇൻസ്റ്റഗ്രാം സുഹൃത്തായ ബീനയെ അറിയിക്കുകയായിരുന്നു.
തുടർന്ന് പരാതി നൽകാൻ സഹായിക്കാമെന്ന് പറഞ്ഞ ബീനയുടെ വാഗ്ദാനത്തിൽ വിശ്വസിച്ച കുട്ടിയെ പ്രതാപനും രാഹുലും ചേർന്ന് കഴിഞ്ഞ രണ്ടിന് വൈകുന്നേരം കൊച്ചുപള്ളി ബസ് സ്റ്റോപ്പിന് സമീപത്ത് നിന്ന് കാറിൽ കടത്തിക്കൊണ്ട് പോകുകയായിരുന്നു.
പിന്നീട് മലപ്പുറത്ത് നിന്ന് ബീനയെയും കൂട്ടി മൂന്നാർ വഴി മറ്റു സ്ഥലങ്ങളിലേക്ക് പോയെന്നും എഫ്ഐആറിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
District News
പനങ്ങാട്: യാത്രയ്ക്കായി ഓട്ടോറിക്ഷയിൽ കയറിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പനങ്ങാട് നടുത്തുരുത്തി റോഡിൽ വെളിയത്ചിറ വീട്ടിൽ മിഥുൻ പ്രകാശ് (34) നെയാണ് പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് പോകാനായി വൈറ്റിലയിൽ നിന്ന് വിളിച്ച ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ, ഇയാൾ വഴി തെറ്റിച്ച് പനങ്ങാട് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ഒച്ച വച്ചതിനെ തുടർന്ന് ഇവരെ അടുത്തുള്ള സ്ഥലത്ത് ഇറക്കിവിട്ടു.
സംഭവ ശേഷം മുങ്ങിയ പ്രതി ഇടുക്കി ജില്ലയിലുൾപ്പെടെ പല സ്ഥലങ്ങളിലും ഒളിവിൽ താമസിച്ചു വരികയായിരുന്നു. അതിനിടെ എറണാകുളത്ത് ചിറ്റൂർ ഭാഗത്ത് ഇയാൾ വന്നു പോകുന്നുണ്ടെന്നുള്ള വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് പിടിയിലായത്.
സ്വകാര്യ ബസിലെ ജീവനക്കാരനായ ഇയാൾക്കെതിരേ അടിപിടിയുൾപ്പടെ മറ്റു കേസുകളും ഉള്ളതായി പനങ്ങാട് സിഐ വിമൽ പറഞ്ഞു.
District News
പനങ്ങാട്: മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിച്ച കടയുടമയെ പോലീസ് പിടികൂടി. ചേർത്തല സ്വദേശിയായ നെട്ടൂരിൽ താമസിക്കുന്ന ആലപ്പുഴ പട്ടണക്കാട് ആന്റണി നിവാസിൽ ജിജോ ആന്റണി (43) ആണ് പനങ്ങാട് പോലീസിന്റെ പിടിയിലായത്.
നെട്ടൂരിൽ ഇയാളുടെ ഉടമസ്ഥതിയിലുള്ള ഫാത്തിമ മെഡിക്കൽസിൽ യുവതി ജോലിക്കെത്തിയിട്ട് ദിവസങ്ങൾ മാത്രമേ ആയുള്ളൂ. ജിജോ ആക്രമിച്ചപ്പോൾ യുവതി മുറിയിൽനിന്ന് ഓടി രക്ഷപ്പെട്ട് നാട്ടുകാരെ വിവരം അറിയിച്ചു.
തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ തടഞ്ഞു വച്ച് പനങ്ങാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
District News
നെടുന്പാശേരി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 24 ഗ്രാം എംഡിഎംഎയുമായി മട്ടാഞ്ചേരി ഇരവേലി മംഗലത്ത്പറമ്പ് റിസ്വാൻ (23), സൗത്ത് ചെല്ലാനം ചിത്തിര ഡെയ്ലിൽ വിക്ടർ ജോസ് (36) എന്നിവരെ റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടി.
ബംഗളൂരുവിൽ നിന്ന് രാസലഹരി വാങ്ങി കാറിൽ വരുന്ന വഴിയാണ് അത്താണി ഭാഗത്ത് വച്ച് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കാറിന്റെ ഡാഷ്ബോർഡിന് കീഴിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
ഐടി മേഖലയിൽ ആയിരുന്നു വില്പന. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ഡാൻസാഫ്ടീം ഡിവൈഎസ്പിമാരായ ജെ. ഉമേഷ് കുമാർ, എൻ. ബാബുക്കുട്ടൻ നെടുമ്പാശേരി ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്ഐ അരുൺ ദേവ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
District News
പറവൂർ: ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി വടക്കേക്കര പഞ്ചായത്ത് പരിധിയിലെ പ്രശ്നങ്ങൾ പരിശോധിക്കാനായി ദേശീയപാതാ പ്രോജക്ട് ഡയറക്ടർ പി. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി. പഞ്ചായത്ത് പരിധിയിലുള്ള മൂന്ന് കിലോമീറ്റർ പ്രദേശത്തെ നിർമാണ പുരോഗതി സംഘം വിലയിരുത്തി.
ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപത്തെ വള്ളാട്ടുതറ റോഡിന്റെയും വാവക്കാട്-മാച്ചാന്തുരുത്ത് റോഡിന്റെയും ടാറിംഗ് ഉടൻ നടത്തും. ലേബർ കവലയിൽ ഏഴു മീറ്റർ നീളത്തിൽ കാന നിർമിക്കും. ഇതോടെ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമാകും.
കട്ടത്തുരുത്ത്, തുരുത്തിപ്പുറം അടക്കം നാലിടങ്ങളിൽ സർവീസ് റോഡ് നിർമിക്കും. മുറവൻതുരുത്തിൽ അടിപ്പാത പ്രായോഗികമല്ലാത്തതിനാൽ ഓവർബ്രിഡ്ജ് സംവിധാനം ഒരുക്കുമെന്നും എല്ലാ കണക്ടിവിറ്റി റോഡുകളെയും ഹൈവേയുമായി ബന്ധിപ്പിക്കുമെന്നും എൻഎച്ച് അധികൃതർ ഉറപ്പു നൽകി.
പഞ്ചായത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി 12 കോടിയുടെ പ്രോജക്ട് ദേശീയപാതാ അഥോറിറ്റിക്ക് പഞ്ചായത്ത് കൈമാറി. ഇതിന് അംഗീകാരം നൽകാമെന്നുമുള്ള ഉറപ്പും പ്രോജക്ട് ഡയറക്ടർ നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സനീഷ് പറഞ്ഞു.
District News
കൊച്ചി: തമ്മനം ഭാഗത്തുള്ള ബോയ്സ് ഹോസ്റ്റലിലെ മുറിയില് നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ച പ്രതി പിടിയിലായി. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി റെജിന് അലിയെ (35) ആണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
ഹോസ്റ്റലില് താമസിക്കുന്ന ഡിജിറ്റല് മാര്ക്കറ്റിംഗ് ജോലി ചെയ്യുന്ന യുവാവിന്റെ ലാപ്ടോപ്പാണ് പ്രതി മോഷ്ടിച്ചത്. ഒഎല്എക്സ് വഴി പരിചയപ്പെട്ട യുവാവിന്റെ ഹോസ്റ്റല് മുറി കാണാനെന്ന രീതിയിലെത്തിയ പ്രതി ബാഗില് സൂക്ഷിച്ചിരുന്ന 50,000 രൂപ വിലവരുന്ന ലാപ്ടോപ് മോഷ്ടിക്കുകയായിരുന്നു.
തുടര്ന്ന് യുവാവ് നല്കിയ പരാതിയില് പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര് ചെയ്തു. മൊബൈല് ഫോണ് സ്വിച്ച് ഓഫ് ചെയ്ത് കടന്നുകളഞ്ഞ പ്രതിയെ സൈബര് സെല്ലിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞു.
കവര്ച്ചയ്ക്ക് ശേഷം തമിഴ്നാട്ടില് ഒളിവില് കഴിഞ്ഞിരുന്ന പ്രതി പാലക്കാട് എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്ന്ന് പ്രത്യേക അന്വേഷണ സംഘം സൈബര് സെല്ലിന്റെ സഹായത്തോടെ പാലക്കാടുള്ള ലോഡ്ജില് നിന്നാണ് പ്രതിയെ പിടികൂടിയത്.
മോഷ്ടിച്ച ലാപ്ടോപ്പ് ഒഎല്എക്സ് വഴി തൃശൂരിലുള്ള മറ്റൊരാള്ക്ക് ഇയാള് വിറ്റിരുന്നു. ഇത് പോലീസ് കണ്ടെടുത്തു. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
District News
ചെറായി: ചെറായി ബീച്ചിലെ നടപ്പാതയുടെ അടിഭാഗത്തെ കല്ലുകൾ ഇളകി മാറിയതോടെ ഇതുവഴി നടക്കുന്നത് സന്ദർശകരുടെ ജീവനു ഭീഷണിയായി മാറിയിരിക്കുകയാണ്.
500 മീറ്ററോളം വരുന്ന നടപ്പാതയുടെ വടക്കേ അറ്റത്താണ് കരിങ്കല്ലുകൾ ഇളകി മാറിയത്. ഇതുവഴി കൂടുതൽ പേർ നടന്നാൽ നടപ്പാത പൂർണമായും ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ട്.
എന്നാൽ ഇതുവരെയും ഈ ഭാഗത്ത് അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
District News
പള്ളുരുത്തി : കൊച്ചി നഗരസഭയുടെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കാവുന്ന ഇടക്കൊച്ചിയിലെ ശുചിമുറി മലിനജലമുൾപ്പെടെ സംസ്കരിക്കാനുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ്ടിപി) നിർമാണം സെപ്റ്റംബറോടെ പൂർത്തിയാകും. ഇടക്കൊച്ചി സൗത്ത് 59-ാം ഡിവിഷനിൽ വിഎടി റോഡിന്റെ അറ്റത്തായി കായലിനോടു ചേർന്ന് നഗരസഭയുടെ 50 സെന്റ് സ്ഥലത്താണ് 18 കോടി രൂപ ചെലവിൽ പ്ലാന്റ് നിർമാണം പുരോഗമിക്കുന്നത്.
ഇടക്കൊച്ചിയിലെ 59-ാം വാർഡ് കേന്ദ്രീകരിച്ച് നടപ്ലാക്കുന്ന ഈ പദ്ധതി നഗരസഭയുടെ ഒരു പൈലറ്റ് പദ്ധതിയാണ്. ഡിവിഷനിലെ 2000ത്തോളം വീടുകളിലെ മലിനജലം ശാസ്ത്രീയമായി സംസ്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വീടുകളിൽ നിന്ന് ഉണ്ടാകുന്ന എല്ലാ അഴുക്കുവെള്ളത്തെയും വീട്ട് വളപ്പിൽ സ്ഥാപിക്കുന്ന ചെറിയ ചേംബറിലേക്ക് എത്തിച്ച് ചേംബറിൽ നിന്ന് പൈപ്പ് കണക്ഷൻ നൽകി പ്ലാന്റിലേക്ക് എത്തിച്ച് ശുചീകരിക്കുന്നതാണ് പദ്ധതി.
ശുചീകരിക്കുന്ന മലിനജലം കൃഷിക്കും കെട്ടിട നിർമാണ ആവശ്യങ്ങൾക്കും ഉപയോഗിക്കാനും സാധിക്കും. പ്രതിദിനം 11 ലക്ഷം ലിറ്റർ മലിനജലം സംസ്കരിക്കാൻ പദ്ധതിയിലൂടെ സാധിക്കും. ഡിവിഷനിലെ വീടുകളെ പ്ലാന്റുമായി ബന്ധിപ്പിച്ചു നാല് ഇഞ്ച് വീതിയുള്ള പൈപ്പിടുന്നുണ്ട്. അതിൽ 40 മീറ്ററോളം ഇടവിട്ട് മാൻ ഹോളുകൾ നിർമിച്ചിട്ടുണ്ട്. വീടുകളിൽ നിന്ന് മറ്റു ഉപകരണങ്ങളുടെ സഹായമില്ലാതെ പൈപ്പ് വഴി പ്ലാന്റ് വരെ ഒഴുകിയെത്തുന്ന സാങ്കേതിക വിദ്യയാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്.
പൈപ്പിടുന്നതിനും റോഡ് പൊളിച്ച് പുനർനിർമിക്കാനുമാണ് കൂടുതൽ പണം ചെലവാകുന്നത്. പൈപ്പ് ഇടുമ്പോൾത്തന്നെ, ആ സ്ഥലം മൂടി കോൺക്രീറ്റ് ചെയ്യുന്നുണ്ട്. ടാർ റോഡ് പൊളിക്കുമ്പോഴും റോഡ് പുനർനിർമിക്കും.
അറ്റകുറ്റപ്പണിയും മാൻഹോളുകൾ വഴി നടത്താൻ കഴിയും. പൈപ്പിടുന്ന ജോലികൾ 90 ശതമാനവും 1.1 എംഎൽഡി മലിനജല പ്ലാന്റിലെ 20 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കുകളുടെ നിർമാണവും പൂർത്തിയായിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയുടെ കീഴിലാണ് ഇത് നടപ്പിലാക്കുന്നത്. ഗ്രീൻ വേ സൊല്യൂഷൻസിനാണ് പദ്ധതി നിർവഹണ ചുമതല. അഞ്ച് വർഷത്തേക്ക് പ്ലാന്റും ഇവർ തന്നെയാണ് പ്രവർത്തിപ്പിക്കുക. പദ്ധതിയുടെ ഭാഗമായി പ്ലാന്റിന് സമീപത്തു പുന്തോട്ടവും കുട്ടികൾക്കും യുവാക്കൾക്കുമായി കളിസ്ഥലം ഒരുക്കുന്നുണ്ട്. ഇതിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
District News
പെരുമ്പാവൂര്: അക്ഷരങ്ങളെ കലയാക്കി മാറ്റിയ കൂവപ്പടിയുടെ സ്വന്തം പി.പി. റാഫേല് പള്ളിക്കരക്കാരന്റെ (ത്രീഡി ബേബി റാഫേല്-74) വിയോഗം നാടിന് തീരാദുഖമായി. ഹൃദയാഘാതത്തെത്തുടര്ന്ന് ഇന്നലെ പുലര്ച്ചെയായിരുന്നു അന്ത്യം.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, അറബി ഭാഷകളിലായി അഞ്ചു തരത്തില് അക്ഷരങ്ങളെ കീഴ്മേല് മറിച്ച്, കണ്ണാടിയില് പ്രതിഫലിക്കുന്നതുപോലെ അനായാസം എഴുതുന്ന മിറര് ഇമേജ് റൈറ്റിംഗ് വിദ്യയിൽ പ്രശസ്തനായിരുന്നു അദ്ദേഹം.
ഇരുകൈകളും ഉപയോഗിച്ച് ഒരേസമയം വ്യത്യസ്ത ഭാഷകളില് വ്യത്യസ്ത വിഷയങ്ങള് എഴുതുക, ചുണ്ടുകളും കാല്വിരലുകളും കൊണ്ട് അക്ഷരങ്ങള് കുറിക്കുക, കണ്ണുകെട്ടി എഴുതുക, വര്ത്തമാനപത്രങ്ങളുടെ റിവേഴ്സ് റീഡിംഗ്, ഇതുകൂടാതെ മ്യൂസിക്കല് കീബോര്ഡ് തലതിരിച്ചു പിടിച്ചു വായിക്കുക തുടങ്ങിയവ അദ്ദേഹത്തിന്റെ അവിശ്വസനീയ പ്രകടനങ്ങളില് ചിലത് മാത്രമായിരുന്നു.
2007ല് ഇന്ത്യന് ട്രേഡ് ഫെയര് ഫൗണ്ടേഷന്റെ റൈറ്റിംഗ് വിസാര്ഡ് അവാര്ഡ് ഉള്പ്പെടെ നിരവധി അംഗീകാരങ്ങള് അദ്ദേഹത്തെ തേടിയെത്തി.
കളമശേരി എച്ച്എംടിയില് 30 വര്ഷം മെഷീനിസ്റ്റായി സേവനമനുഷ്ഠിച്ച ശേഷം കൂവപ്പടിയില് ത്രീഡി ഡിജിറ്റല് സ്റ്റുഡിയോ ആരംഭിച്ചു. ഓട്ടന്തുള്ളല്, കവിത, വേഷപ്രച്ഛന്ന മത്സരം, അഭിനയം തുടങ്ങിയ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം വ്യത്യസ്ത വേഷങ്ങളിലൂടെ ശ്രദ്ധനേടി.
District News
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ കോട്ടപ്പുറം ഭാഗത്ത് തെരുവ് നായകളുടെ ആക്രമണത്തിൽ രണ്ട് ആടുകളും ഒട്ടേറെ കോഴികളും ചത്തു. കോട്ടപ്പുറത്ത് ഇന്ദിരാ സുദർശനന്റെ രണ്ട് ആടുകളെയും നിരവധി കോഴികളെയുമാണ് തെരുവുനായകൾ കടിച്ചു കീറി കൊന്നത്.
പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും കുട്ടികളെയും വൃദ്ധരെയും നായകൾ ആക്രമിക്കുന്ന സ്ഥിതിയാണെന്നുംനാട്ടുകാർ പറയുന്നു. നായകളെ ഭയന്ന് ജനങ്ങൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ്.
തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് സിപിഎം തൃപ്പൂണിത്തുറ വെസ്റ്റ് ലോക്കൽ കമ്മിറ്റിയും കോട്ടപ്പുറം ബ്രാഞ്ചും ആവശ്യപ്പെട്ടു.
District News
തിരുവാങ്കുളം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റിഫൈനറി റോഡില് ഇരുമ്പനം പുതിയറോഡ് കവല മുതല് ചിത്രപ്പുഴ പാലം വരെയുള്ള ഭാഗം നാലുവരിയാക്കാന് ധാരണയായതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തിരുവാങ്കുളം മുനിസിപ്പല് സോണല് ഓഫീസിൽ മന്ത്രിയുടെ അധ്യക്ഷതയില് നടന്ന ഉന്നതതല യോഗത്തിലാണ് ധാരണയായത്.
പിഡബ്ല്യുഡി, റിഫൈനറി ഉദ്യോഗസ്ഥര് ഉടന് തന്നെ സംയുക്ത പരിശോധന നടത്തി അന്തിമ തീരുമാനമെടുക്കാന് മന്ത്രി നിര്ദേശിച്ചു. എസ്റ്റിമേറ്റ് തീരുമാനിച്ച് ഫണ്ട് നല്കുന്ന മുറയ്ക്ക് ടെൻഡര് നടപടി ആരംഭിക്കുമന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം, ഇരുമ്പനം ജംഗ്ഷന് വടക്ക് സീപോര്ട്ട് - എയര്പോര്ട്ട് റോഡിലെ വെള്ളക്കെട്ട് നിവാരണ പ്രവൃത്തിയും ഇതിലുള്പ്പെടുത്താൻ യോഗത്തില് ധാരണയായി.
നാല് വരിയാക്കുമ്പോള് മധ്യഭാഗത്ത് വീതിയുള്ള മീഡിയനും ഇരുവശത്തേയ്ക്കും സ്ട്രീറ്റ് ലൈറ്റുകളും കാനകളും അതിന് മുകളില് സ്ലാബ് വിരിച്ചു ഫുട്പാത്തും പരിഗണിക്കും. നിലവിലുള്ള പൈപ്പ് കൾവെര്ട്ടുകള് പരിശോധിക്കാനും മന്ത്രി നിര്ദേശിച്ചു. പിഡബ്ല്യുഡി, റിഫൈനറി ഉന്നത ഉദ്യോഗസ്ഥരും മുനിസിപ്പല് കൗണ്സിലര്മാരും യോഗത്തിൽ പങ്കെടുത്തു.
മുൻപ് ചിത്രപ്പുഴ മുതല് എച്ച്ഒസി ഗേറ്റ് വരെ നാലുവരിയാക്കാന് ടെൻഡര് നടപടികള് പുരോഗമിക്കവേ, പുതിയറോഡ് ജംഗ്ഷന് വരെ നാല് വരിയാക്കിയാല് മാത്രമേ വികസനത്തിന്റെ പ്രയോജനം ലഭിക്കുകയുള്ളുവെന്ന് ചൂണ്ടിക്കാട്ടി സ്ഥലം എംഎല്എ കൂടിയായ മന്ത്രി അനൂപ് ജേക്കബ് പൊതുമരാമത്ത് മന്ത്രിയ്ക്കും റിഫൈനറി അധികൃതര്ക്കും നിവേദനങ്ങള് നല്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില് ഈഭാഗവും നാലുവരിയാക്കാന് റിഫൈനറി ഒരുക്കമായിരുന്നെങ്കിലും അതിനായി തയാറാക്കിയ 17 കോടി രൂപയുടെ എസ്റ്റിമേറ്റ് വളരെ കൂടുതലാണെന്ന് റിഫൈനറി സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അനൂപ് ജേക്കബ് യോഗം വിളിച്ചത്.
District News
കൊച്ചി: കണ്ടെയ്നര് റോഡില് സ്ഥാപിച്ചിരിക്കുന്ന തെരുവുവിളക്കുകൾ ഈ മാസം 15 മുതൽ പ്രകാശിക്കുമെന്ന് നാഷണല് ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. വിളക്കുകളിലെ ലൈറ്റുകള് സ്ഥാപിക്കുന്ന പ്രവൃത്തികൾ അവസാവനഘട്ടത്തിലാണ്. കളമശേരി മുതല് വല്ലാര്പ്പാടം വരെയുള്ള 17 കിലോമീറ്റര് പാതയിലെ നാലു കിലോമീറ്റർ ദൂരത്തിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചു. ഇവ പ്രകാശിച്ച് തുടങ്ങി.
ബാക്കിയുള്ള ദൂരം ലൈറ്റുകള് പ്രവര്ത്തിപ്പിക്കുന്നതിനായി രണ്ടു ട്രാന്സ്ഫോര്മറുകള് സ്ഥാപിക്കേണ്ടതുണ്ട്. 15ഓടെ എല്ലാ തെരുവുവിളക്കുകളും പ്രവര്ത്തനക്ഷമമാക്കുന്ന നിലയിലാണ് ജോലികള് പുരോഗമിക്കുന്നതെന്നും എന്എച്ച്എഐ അധികൃതര് പറഞ്ഞു. 10 കോടി രൂപ ചെലവില് 17 കിലോമീറ്റര് കണ്ടെയ്നര് റോഡില് ഏകദേശം 1,100 തെരുവുവിളക്കുകളാണ് സ്ഥാപിക്കുന്നത്.
കണ്ടെയ്നര് റോഡില് സുഗമമായ വാഹന യാത്രയ്ക്ക് വഴിവിളക്കുകള് വേണമെന്നത് യാത്രക്കാരുടെയും പ്രദേശവാസികളുടെയും പോലീസ് അധികൃതരുടെയുമൊക്കെ നിരന്തര ആവശ്യമായിരുന്നു. എന്നാല് ദേശീയപാത അഥോറിറ്റി ഇതിനോട് മുഖം തിരിച്ചു നില്ക്കുകയായിരുന്നു. വിഐപികള് കടന്നുപോകുമ്പോള് മാത്രം മുളക്കാലുകളില് ലൈറ്റുകള് നാട്ടി താത്കാലിക സംവിധാനം ഒരുക്കാറാണ് പതിവ്.
കണ്ടെയ്നര് റോഡ് നിര്മിക്കുന്നതിനായുള്ള ആദ്യ ഡീറ്റെയില്ഡ് പ്രോജക്ട് റിപ്പോര്ട്ടില് റോഡില് വൈദ്യുതീകരണത്തിനായുള്ള നിര്ദേശം ഉണ്ടായിരുന്നില്ല. കണ്ടെയ്നര് ലോറികള് മാത്രം സഞ്ചരിക്കുന്നതിനായുള്ള റോഡാണ് വിഭാവനം ചെയ്തിരുന്നത്. കൊച്ചി മെട്രോയുടെ നിര്മാണം ആരംഭിച്ചതോടെയാണ് സാധാരണ വാഹനങ്ങളും ഇതുവഴി കടത്തിവിടാൻ അധികൃതർ തീരുമാനിച്ചത്. ഇതോടെയാണ് റോഡില് വൈദ്യുതീകരണം അത്യാവശ്യമായി വന്നത്.
District News
ആലുവ: ദീർഘദൂര ബസുകളിൽ നിന്നടക്കം നൂറുകണക്കിന് യാത്രക്കാർ വന്നിറങ്ങുന്ന ആലുവ ബൈപാസ് ജംഗ്ഷനിൽ മേൽ നടപ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. കൊച്ചി മെട്രോ, എറണാകുളം, പറവൂർ, അങ്കമാലി, വരാപ്പുഴ മേഖലകളിലേക്ക് പോകേണ്ട യാത്രക്കാർക്ക് റോഡ് കുറുകെ കടക്കാനാകുന്നില്ലെന്നാണ് പരാതി.
ദേശീയപാതയിൽ നിന്ന് നേരിട്ടും രണ്ട് സർവീസ് റോഡുകൾ വഴിയും ബസുകൾ, ഭാരവണ്ടികൾ തുടങ്ങിയവ ഒരേ ദിശയിലാണ് ബൈപാസ് സ്റ്റോപ്പിലൂടെ കടന്നുപോകുന്നത്. ദേശീയ പാതയിലേക്ക് പോകുന്ന യാത്രാ ബസുകളടക്കം എതിർ ദിശയിലൂടെ പോകുന്നുമുണ്ട്. വാഹനങ്ങൾ ഇടതടവില്ലാതെ പോകുന്നതിനാൽ സ്ത്രീകളും വിദ്യാർഥികളും റോഡ് കുറുകെ കടക്കാൻ പെടാപ്പാടിലാണ്.
മാർത്താണ്ഡവർമ പാലത്തിലൂടെ വരുന്ന വാഹനങ്ങളുടേയും എറണാകുളം ഭാഗത്ത് നിന്ന് ദേശീയ പാതയിലൂടെയും സർവീസ് റോഡിലൂടെയും വരുന്ന വാഹനങ്ങളുടേയും ആലുവ ടൗണിലേക്കുള്ള പ്രവേശന കവാടം ബൈപാസ് ജംഗ്ഷനാണ്. ആലുവയിൽ നിന്ന് ദേശീയ പാതയിലേക്കും പോകുന്നുണ്ട്. മറ്റൊരു ഇടറോഡും ഇവിടെ ചേരുന്നുണ്ട്. അഞ്ച് ദിശകളിൽ വാഹനങ്ങൾ വരുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്.
മെട്രോ യാത്രക്കാർ വന്നിറങ്ങുന്ന സ്റ്റോപ്പും ഇതാണ്. പാർക്ക് ചെയ്യാനായി ചെറുവാഹനങ്ങളും കൂടിച്ചേരുന്നതോടെ രാവിലെയും വൈകിട്ടും വലിയ ഗതാഗതക്കുരുക്കാണിവിടെ. ആലുവ ബൈപാസ് ഓട്ടോ സ്റ്റാൻഡിന്റെ ഭാഗത്തു നിന്ന് മെട്രോ സ്റ്റേഷനിലേക്ക് ലിഫ്റ്റ് സൗകര്യമുള്ള ഫുട് ഓവർബ്രിഡ്ജ് പണിയണമെന്ന് ആം ആദ്മി പാർട്ടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നജീബ് ഹൈദ്രോസ്, ജില്ലാ കമ്മിറ്റി മെമ്പർ ബിനു ആന്റണി എന്നിവർ ആലുവ നഗരസഭ, കൊച്ചി മെട്രോ എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
District News
അങ്കമാലി : കറുകുറ്റി മെട്രോ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് ഇതു സംബന്ധിച്ച നിവേദനം നൽകി. മെട്രോ ട്രെയിൻ എറണാകുളം ജില്ലാ അതിർത്തിയായ കറുകുറ്റിയിലേക്ക് നീട്ടേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും നിവേദക സംഘം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി.
ഈ ആവശ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തനിക്ക് ബോധ്യമുണ്ടെന്നും അതിനായി സാധ്യമായ നടപടികൾ സ്വീകരിക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി. കറുകുറ്റി മെട്രോ ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ലാലു ജോർജ് പൈനാടത്ത്, ജനറൽ സെക്രട്ടറി അഡ്വ. ജോസ് വി. ചക്യേത്ത്,
ട്രഷറർ ജോർജ് വാത്തിക്കുളം, വൈസ് പ്രസിഡന്റ് സി.എം. ദേവസി , ജോയിന്റ് സെക്രട്ടറി തോമസ് മുണ്ടാടൻ, എക്സിക്യൂട്ടീവ് മെമ്പർമാരായ ലാൽ പോൾ പൈനാടത്ത്, വർഗീസ് പള്ളിയാൻ തുടങ്ങിയവർ ചേർന്നാണ് നിവേദനം നൽകിയത്.
District News
പെരുമ്പാവൂര്: പെരുമ്പാവൂര് ലയണ്സ് ക്ലബിന്റെ നേതൃത്വത്തില് താലൂക്ക് ആശുപത്രിയിലെ രോഗികള്ക്കും കൂട്ടിരിപ്പുകാര്ക്കുമായി വിശപ്പിന് വിരാമം പദ്ധതി ആരംഭിച്ചു.
പെരുമ്പാവൂര് നഗരസഭ ആരോഗ്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് എസ്.ആര്. അനിത ദേവി ഉദ്ഘാടനം ചെയ്തു. ലയണ്സ് ക്ലബ് പ്രസിഡന്റ് ജോമി പോള് അധ്യക്ഷത വഹിച്ചു.
വാര്ഡ് കൗണ്സിലര് ആനി മാര്ട്ടിന്, ആശുപത്രി ആര്എംഒ ഡോ. പ്രവീണ്, പെരുമ്പാവൂര് ലയണ്സ് ക്ലബ് സെക്രട്ടറി സാജു തോമസ്, ട്രഷറര് എം.ഐ. വറുഗീസ്, പ്രൊജക്റ്റ് ചെയര്മാന് എ.ഒ. ജെയിംസ്, ടി.വി. ബേബി, മേഴ്സി ജെയിംസ്, ലയണ്സ് ക്ലബ് വാര്ഡ് കൗണ്സിലര് പി.എസ്. ബുഷ്റ തുടങ്ങിയവരും പങ്കെടുത്തു.
District News
ഫോർട്ടുകൊച്ചി : ടൂറിസം കേന്ദ്രമായ ഫോര്ട്ട്കൊച്ചി കടപ്പുറത്തിന്റെ കവാടമായ വാസ്ക്കോഡ ഗാമ സ്ക്വയര് മുതല് നടപാത വരെ ഇരുട്ടില്. ഇത് മൂലം ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള് ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്. സിഎസ്എംഎല്ലാണ് ഇവിടത്തെ വഴി വിളക്കുകള് സ്ഥാപിച്ചത്. ഇവര്ക്ക് തന്നെയായിരുന്നു പരിപാലന ചുമതലയും.
ഇപ്പോള് നഗരസഭയ്ക്ക് ഈ വിളക്കുകള് കൈമാറിയതായാണ് വിവരം. ഇതേ തുടര്ന്ന് വിളക്കുകള് അറ്റകുറ്റ പണികള് നടത്തുന്നതില് നിന്ന് ഇവര് പിന്മാറി. നഗരസഭയാകട്ടേ മറ്റാര്ക്കും ഇതിനായുള്ള കരാര് നല്കിയിട്ടുമില്ല. ഇതോടെ ടൂറിസം കേന്ദ്രത്തിലെ വഴി വിളക്കുകള് എന്ന് തെളിയിക്കുമെന്ന് യാതൊരു പിടിയുമില്ലാത്ത അവസ്ഥയാണ്. ഇത് മൂലം സന്ധ്യ മയങ്ങിയാല് ഇവിടെ സാമൂഹ്യ വിരുദ്ധ ശല്യവും രൂക്ഷമാണെന്നാണ് പരാതി.
കുടുംബവുമായി കടപ്പുറത്ത് പോകാന് കഴിയാത്ത സാഹചര്യമാണ്. ലഹരി ഉപയോഗവും അനാശ്യാസ പ്രവര്ത്തങ്ങളും ഇവിടം കേന്ദ്രീകരിച്ച് നടക്കുന്നതായും ആക്ഷേപമുണ്ട്. പൊലിസും ഈ ഭാഗത്ത് കാര്യമായ പട്രോളിംഗ് നടത്തുന്നില്ലെന്നും പരാതിയുണ്ട്.
വഴി വിളക്കുകള് ഇല്ലാതായതോടെ തെരുവ് കച്ചവടക്കാരുടെ സ്ഥാപനങ്ങളില് നിന്നുള്ള വെളിച്ചമാണ് നടപാതയിലൂടെ സഞ്ചരിക്കുന്നവര്ക്ക് ആശ്വാസം. ഇഴ ജന്തുക്കളുടെ ശല്യവും ഇവിടെ രൂക്ഷമാണ്.
District News
മൂവാറ്റുപുഴ: നഗരവികസനത്തിന്റെ ഭാഗമായി മൂവാറ്റുപുഴയിലെ വഴിയോരങ്ങളില് സ്ഥാപിച്ച ഇരുമ്പ് കൈവരികള് തകര്ത്ത് വാഹനങ്ങള് പാഞ്ഞുകയറുന്നത് പതിവാകുന്നു. നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ മൂവാറ്റുപുഴ ടിബി ജംഗ്ഷന് ഉള്പ്പെടെയുള്ള ഭാഗങ്ങളില് അശാസ്ത്രീയമായ നടപ്പാത നിര്മാണവും തകര്ന്ന കൈവരികളും ഇപ്പോള് യാത്രക്കാരുടെ ജീവന് ഭീഷണിയായിരിക്കുകയാണ്.
ടിബി ജംഗ്ഷന്, കച്ചേരിത്താഴം, നെഹ്രു പാര്ക്കിന് സമീപത്തുനിന്ന് കച്ചേരിത്താഴം പാലം തുടങ്ങുന്ന ഭാഗം, പോസ്റ്റ് ഓഫീസ് ജംഗ്ഷന് എന്നിവിടങ്ങളിലായി അഞ്ചിലധികം തവണയാണ് അടുത്തിടെ മാത്രം കൈവരികള് വാഹനാപകടത്തില് തകര്ന്നത്.
ടിബി ജംഗ്ഷനില് മൂന്ന് തവണയാണ് വാഹനങ്ങള് കൈവരിയിലേക്ക് ഇടിച്ചുകയറിയത്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില് തകര്ന്ന കൈവരികള് ദിവസങ്ങള് പിന്നിട്ടിട്ടും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. തകര്ന്നു വീണ ഇരുമ്പ് പൈപ്പുകള് നടപ്പാതയിലും റോഡിലുമായി അപകടകരമായ രീതിയിലാണുള്ളത്. ഇത് കാല്നടയാത്രക്കാരായ പ്രായമായവര്ക്കും കുട്ടികള്ക്കുമുള്പ്പടെ വലിയ തടസമാണ് സൃഷ്ടിക്കുന്നത്.
റോഡിലേക്ക് തള്ളിനില്ക്കുന്ന തകര്ന്ന പൈപ്പുകള് ഇരുചക്ര വാഹനയാത്രക്കാര്ക്കും വലിയ ഭീഷണിയാണ്. വളവില് നിയന്ത്രണം നഷ്ടപ്പെടുന്ന വാഹനങ്ങള് മീഡിയനിലേക്കും നടപ്പാതയിലെ കൈവരിയിലേക്കും പാഞ്ഞുകയറുകയാണ്. മുന്പ് ലോറി മീഡിയന് തകര്ത്ത് എതിര്വശത്തെ നടപ്പാതയിലെ കൈവരിയില് ഇടിച്ചുനിന്നത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. കച്ചേരിത്താഴം പാലത്തിന്റെ കോണ്ക്രീറ്റ് കൈവരി തകര്ത്ത് മിനിലോറി പുഴയിലേക്ക് വീഴുന്ന തരത്തില് അപകടകരമായി തൂങ്ങിക്കിടന്നത് സമീപകാലത്താണ്.
റോഡ് പലയിടത്തും പല വീതിയില് നിര്മിച്ചതാണ് പ്രധാന അപകടകാരണമെന്നാണ് ആക്ഷേപം. ടിബി ജംഗ്ഷനിലെ വളവില് നടപ്പാതയ്ക്ക് അമിത വീതിയാണുള്ളത്. റോഡിലേക്ക് തള്ളിനില്ക്കുന്ന നടപ്പാതയും കൈവരിയും, വേഗതയില് വളവുതിരിഞ്ഞു വരുന്ന വാഹന ഡ്രൈവര്മാരുടെ ശ്രദ്ധയില്പ്പെടാറില്ല. പലയിടത്തും തകര്ന്ന ഭാഗങ്ങള് താല്ക്കാലികമായി പുനഃസ്ഥാപിച്ചെങ്കിലും അപകടസ്ഥിതിക്ക് യാതൊരു മാറ്റവുമില്ല.
ടിബി ജംഗ്ഷനിലെ അപകട വളവ് നിവര്ത്തുകയും മധ്യത്തില് നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റിസ്ഥാപിക്കുകയും സുരക്ഷാ കൈവരികള് അടിയന്തരമായി ശാസ്ത്രീയമായ രീതിയില് പുനര്നിര്മിക്കുകയും ചെയ്താല് മാത്രമേ ഇവിടുത്തെ അപകടങ്ങള്ക്ക് ശാശ്വത പരിഹാരമാകൂ. കാല്നടയാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന് അധികൃതര് എത്രയും വേഗം ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
കോതമംഗലം: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലാകെ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോതമംഗലത്ത് സംഘടിപ്പിച്ച ഓക്സിജന് കപ്പ് ഫുട്ബോള് പ്രദര്ശന മത്സരത്തില് പോലീസ് ഇലവന് കപ്പടിച്ചു. ഷിബു തെക്കുംപുറം എംഎല്എയുടെ നേതൃത്വത്തില് നടന്ന മത്സരത്തില് ജനപ്രതിനിധികളുടെ എംഎല്എ ഇലവനും കേരള പോലീസ് ഇലവനും തമ്മിലായിരുന്നു മത്സരം. ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില് പോലീസ് ഇലവന് വിജയിച്ചു.
വനിതാ ജനപ്രതിനിധികള്ക്കായി സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരവും ശ്രദ്ധേയമായി. പങ്കെടുത്ത എല്ലാ വനിതാ ജനപ്രതിനിധികളും ആവേശകരമായ പ്രകടനമാണ് കാഴ്ചവച്ചത്. മത്സരത്തില് കവളങ്ങാട് പഞ്ചായത്ത് അംഗം ഷിഞ്ചു ബെന്നി ഒന്നാം സ്ഥാനവും, പല്ലാരിമംഗലം പഞ്ചായത്ത് അംഗം നിസാമോള് ഇസ്മയില് രണ്ടാം സ്ഥാനവും കോട്ടപ്പടി പഞ്ചായത്ത് അംഗം ബിന്സി മാത്യു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കേരള സര്ക്കാരിന്റെഓപ്പറേഷന് തൂഫാന് നാര്ക്കോ ഹണ്ട് പദ്ധതിക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഓക്സിജന് കപ്പ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റുമാര് ഉള്പ്പെടെ നിരവധി ജനപ്രതിനിധികളും യുഡിഎഫ് നേതാക്കളും പരിപാടിയില് പങ്കെടുത്തു.
District News
മൂവാറ്റുപുഴ: കൊച്ചി-മധുര ദേശീയപാതയോരത്തെ കാനകളുടെ സ്ലാബുകളില് വെള്ളം ഒഴുക്കിവിടാനായി സ്ഥാപിച്ച ഹോളുകളും പൈപ്പുകളും പൂര്ണമായി അടഞ്ഞുകിടക്കുന്നതായി വ്യാപക പരാതി.
കനത്ത മഴ പെയ്യുമ്പോള് റോഡിലെ വെള്ളം കാനയിലേക്ക് സുഗമമായി ഒഴുക്കിവിടാന് കഴിയാത്തതാണ് പ്രധാന പ്രതിസന്ധി. കാനയ്ക്ക് മുകളിലെ സ്ലാബുകളില് വെള്ളം കെട്ടിക്കിടന്ന് മണ്ണും ചെളിയും അടിഞ്ഞുകൂടി കാല്നടയാത്രക്കാര്ക്കും വാഹനങ്ങള്ക്കും ഭീഷണിയായി മാറിയിരിക്കുകയാണ്.
വെള്ളം കാനയിലേക്ക് ഇറങ്ങിപ്പോകേണ്ട ദ്വാരങ്ങള് പൂര്ണമായും മണ്ണും മാലിന്യങ്ങളും വന്ന് മൂടിയിരിക്കുന്നു. കാനയിലെ തടസങ്ങള് അടിയന്തരമായി നീക്കം ചെയ്യാനും അടഞ്ഞുകിടക്കുന്ന ഹോളുകള് വൃത്തിയാക്കാനും അധികൃതര് തയാറാകണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
District News
കോതമംഗലം: കോണ്ഗ്രസ് കോതമംഗലം മുനിസിപ്പല് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില് കെ. കരുണാകരന്റെ 108-ാം ജന്മദിന അനുസ്മരണ സമ്മേളനം കെപിസിസി മെമ്പര് എ.ജി. ജോര്ജ് ഉദ്ഘാടനം ചെയ്തു. നെടുമ്പാശേരി അന്തരാഷ്ട്ര വിമാനത്താവളത്തിന് ലീഡര് കെ. കരുണാകരന്റെ പേര് നല്കണമെന്ന് സമ്മേളനം അവശ്യപ്പെട്ടു.
വെസ്റ്റ് മണ്ഡലം പ്രസിഡന്റ് പി.ആര്. അജി അധ്യക്ഷത വഹിച്ചു. കെ.പി. ബാബു, മുനിസിപ്പല് കൗണ്സിലര് മജോ മാത്യു, പി.സി. ജോര്ജ്, സണ്ണി വര്ഗീസ്, കെ.ഐ. ജേക്കബ്, ഷാജി നെല്ലിക്കുഴി എന്നിവര് പ്രസംഗിച്ചു.
District News
കോലഞ്ചേരി: കുന്നത്തുനാട്ടിൽ വി.പി. സജീന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ പട്ടികജാതി-വർഗ കോളനികളിൽ നടപ്പാക്കുന്ന "ഉയരെ ഉന്നതി' പദ്ധതിയുടെ ഭാഗമായി തിരുവാണിയൂർ പഞ്ചായത്തിലെ തിരുമല ഉന്നതിയിൽ സംഘടിപ്പിച്ച നാലാമത് അദാലത്തിൽ വീട് അറ്റകുറ്റപ്പണികൾ, ചികിത്സാ സഹായം, പട്ടയവുമായി ബന്ധപ്പെട്ടവ അടക്കം 77 പരാതികൾ ലഭിച്ചു.
പരാതികളിൽ അടിയന്തര നടപടികൾ സ്വീകരിച്ച് പരിഹാരം ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകുമെന്നും തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും വി.പി. സജീന്ദ്രൻ അറിയിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എൻ. മോഹനൻ അധ്യക്ഷനായി.
District News
കോതമംഗലം:പശുത്തൊഴുത്തിനും വൈക്കോൽപുരയ്ക്കും തീപിടിച്ചു. നെല്ലിക്കുഴി 314 ൽ വിളയാളിൽ ഇബ്രാഹിമിന്റെ പശുത്തൊഴുത്തിനും വൈകോൽപുരയ്ക്കുമാണ് തീപിടിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. വിവരം അറിയിച്ചതിനെതുടർന്ന് കോതമംഗലം അഗ്നിരക്ഷാ നിലയത്തിൽ നിന്നും രണ്ട് യൂണിറ്റ് സേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മൂന്നു പശുക്കിടാരികളും ഉദ്ദേശം 50 കെട്ടോളം വൈക്കോലും ഷെഡിൽ ഉണ്ടായിരുന്നു.സ്റ്റേഷൻ ഓഫീസർ മുഹമ്മദ് അജ്മൽ ഷായുടെ നേതൃത്വത്തിലാണ് തീ അണച്ചത്.
District News
വൈപ്പിന്: തീരദേശ മണ്ഡലമായ വൈപ്പിന് കരയുടെ തീരാശാപമാണ് ഇവിടെ വര്ഷങ്ങളായി തുടരുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം. എട്ടു ഗ്രാമപഞ്ചായത്തുകളിലായി നാലര ലക്ഷത്തിലധികം ജനങ്ങള് തിങ്ങിപ്പാര്ക്കുന്ന ഇവിടെ കുടിവെള്ളത്തിനായുള്ള നിരന്തര മുറവിളിക്ക് നാലു പതിറ്റാണ്ടിന്റെ ദൈര്ഘ്യമുണ്ട്. എന്നിട്ടും ശാശ്വത പരിഹാരം ഇന്നും കൈയെത്താ ദൂരത്ത് തന്നെയാണ്.
പര്യാപ്തമാകാതെ...
ഹഡ്കോ, ചൊവ്വര പദ്ധതികള് നഗരത്തിലെ ചില പ്രദേശങ്ങള്ക്കും വൈപ്പിന് മണ്ഡലത്തിലെ കടമക്കുടി, മുളവുകാട്, എളങ്കുന്നപ്പുഴ, ഞാറയ്ക്കല്, നായരമ്പലം പഞ്ചായത്തുകള്ക്കും വേണ്ടിയാണ് രണ്ടര പതിറ്റാണ്ട് മുമ്പ് ഹഡ്കോ കുടിവെള്ള പദ്ധതി നിലവില് വന്നത്. ഇതില് നിന്ന് വൈപ്പിന് കരയിലെ മൂന്ന് പഞ്ചായത്തുകള്ക്ക് മാത്രമായി 10 എംഎല്ഡി വെള്ളം വാഗ്ദാനം ചെയ്തിരുന്നെങ്കിലും പ്രഖ്യാപിത അളവിലെ കുടിവെള്ളം ഇന്നും ലഭിക്കുന്നില്ല.
മണ്ഡലത്തിന്റെ വടക്കന് മേഖലയായ എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം എന്നീ ഗ്രാമപഞ്ചായത്തുകള്ക്കും പറവൂര് മേഖലയിലെ ചില പഞ്ചായത്തുകള്ക്കുമായി ചൊവ്വരയില് മറ്റൊരു കുടിവെള്ള പദ്ധതിയും നിലവില് വന്നെങ്കിലും ഫലം കണ്ടില്ല. ഈയടുത്ത് പള്ളിപ്പുറം പഞ്ചായത്ത് ഉള്പ്പെടെ പലയിടങ്ങളിലും ബൂസ്റ്റര് പമ്പ്, ഫീഡര് ലൈന് സ്ഥാപിച്ചെങ്കിലും വൈപ്പിന്കാരെ അത് കനിഞ്ഞില്ല.
നോക്കുകുത്തികളായി നാലു ഭൂതല ടാങ്കുകള്
മുരുക്കുംപാടത്തും മാലിപ്പുറത്തും ഞാറക്കലും എടവനക്കാടും വര്ഷങ്ങളെടുത്ത് കോടികള് മുടക്കി പുതിയ ജലസംഭരണികള് സ്ഥാപിച്ചെങ്കിലും ഇപ്പോള് അവ നോക്കുകുത്തിയായി മാറി. രണ്ട് പദ്ധതികളുടെയും വാലറ്റമായ എടവനക്കാട് പഞ്ചായത്തിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. ഇവിടെ തീരമേഖലയിലെ വാര്ഡുകളില് മാസത്തില് ഒരു തവണയെങ്കിലും രണ്ടാഴ്ചയിലധികം കുടിവെള്ളം മുടങ്ങും.
എളങ്കുന്നപ്പുഴ പൂക്കാട്, ചാപ്പക്കടപ്പുറം, ഞാറക്കല് കിഴക്കേ അപ്പങ്ങാട്, മഞ്ഞനക്കാട്, ആറാട്ടുവഴി കടപ്പുറം, നായരമ്പലം നെടുങ്ങാട്, പള്ളിപ്പുറം മുനമ്പം മേഖലകള്, കുഴുപ്പിള്ളി ചെറുവയ്പ്പ് ഭാഗം എന്നിവിടങ്ങളിലും പലപ്പോഴും ആഴ്ചകളോളം കുടിവെള്ളം മുടങ്ങാറുണ്ട്.
ആവശ്യകത ഇരട്ടിയിലധികമായി
ടൂറിസ്റ്റ് കേന്ദ്രമായ വൈപ്പിനില് വള്ളത്തിന്റെ ആവശ്യകത രണ്ട് പതിറ്റാണ്ടിന് മുമ്പുള്ളതിനേക്കാളും ഇരട്ടിയാണ്. ചെറായി, മുനമ്പം മേഖലയിലെ റിസോര്ട്ടുകളും മറ്റും വന്ടാങ്കുകള് കെട്ടി ശുദ്ധജലം സംഭരിക്കാന് തുടങ്ങിയതോടെയാണ് സ്ഥിതി വഷളായി. ടൂറിസ്റ്റ് മേഖലയിലുള്ള റിസോര്ട്ടുകള്, ഹോംസ്റ്റേ എന്നിവിടങ്ങളിലെ സിമ്മിംഗ് പൂളുകള്ക്ക് തന്നെ 2,000 ലിറ്റര് ശേഷിയാണ്. ഇതിനെല്ലാം ഉപയോഗിക്കുന്നത് കുടിവെള്ളമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പള്ളിപ്പുറം പഞ്ചായത്ത് വാട്ടര് അഥോറിറ്റിക്ക് പരാതികള് നല്കിയെങ്കിലും നടപടിയുണ്ടായില്ല.
വേണം സ്വന്തമായ കുടിവെള്ള പദ്ധതി
വൈപ്പിന് കരയ്ക്ക് വേണ്ടത് സ്വന്തമായ കുടിവെള്ള പദ്ധതിയാണ്. റോ വാട്ടര് സ്ഥലത്തെത്തിച്ച് ശുദ്ധീകരിച്ച് ഇവിടെയുള്ള ടാങ്കുകളില് സംഭരിക്കുകയും വിതരണം നടത്തുകയും വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. ടോണി ചമ്മിണി എംഎല്എ ഇക്കാര്യത്തില് അനുഭാവ പൂര്ണമായ ഒരു നിലപാടാണ് എടുത്തിട്ടുള്ളത്.
ആലുവയിലെ നിര്ദിഷ്ട 190 എംഎല്എഡി ശേഷിയുള്ള പുതിയ പദ്ധതിയാണ് ഇനി വൈപ്പിന്കരയ്ക്ക് ഏക പ്രതീക്ഷ. ഇത് പൂര്ത്തിയായാല് വൈപ്പിന്-പറവൂര് മേഖലയ്ക്ക് ആവശ്യമായ കുടിവെള്ളം ലഭിക്കും.
കൊച്ചി നഗരത്തില് നിലവില് നടന്നുരുന്ന പുതിയ കുടിവെള്ള പദ്ധതി പൂര്ത്തിയയി കഴിഞ്ഞാല് പദ്ധതിയില് നിന്നും നഗരത്തിലേക്കുള്ള വിഹിതം കുറച്ച് അത് വൈപ്പിന് മേഖലയിലേക്ക് എത്തിക്കാന് ശ്രമിക്കുമെന്നും അധികൃതര് ഉറപ്പ് നല്കിയിട്ടുണ്ട്.
പശ്ചിമകൊച്ചിക്കും വേണം കുടിനീര്
ഫോര്ട്ടുകൊച്ചി: ജില്ലയില് കുടിവെള്ള പ്രശ്നം ഏറെ രൂക്ഷമായ സ്ഥലങ്ങളിലൊന്നാണ് പശ്ചിമകൊച്ചി. എന്നാല്, പശ്ചിമകൊച്ചിക്കാരുടെ ദാഹമകറ്റാന് അധികൃതര് കാര്യമായ ഇടപെടല് നടത്തുന്നില്ലെന്നതാണ് വാസ്തവം. പശ്ചിമകൊച്ചിയിലെ നഗരസഭ പ്രദേശങ്ങളിലും കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം പരിഹരിക്കാന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് നിര്ദേശം നല്കിയെന്ന് ജില്ലാ കളക്ടര് പറയുമ്പോഴും ടാങ്കര് ലോറിയില് എത്തുന്നത് പതിവുപോലെ തന്നെ വെള്ളമാണെന്നാണ് നാട്ടുകാര് പറയുന്നത്.
കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സാഹചര്യങ്ങളിലെല്ലാം റവന്യൂ അധികൃതരുടെ നേതൃത്വത്തില് കുടിവെള്ളം ടാങ്കര് ലോറികളില് എത്തിക്കുകയാണ് രീതി. ഇതിനായി അടിയന്തര ടെൻഡര് വിളിക്കുകയും ചെയ്യും. എന്നാല് ഇത്തവണ പ്രതിസന്ധി രൂക്ഷമായിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് നിര്ദേശം നല്കിയെന്ന വാക്കില് ജില്ലാ ഭരണകൂടം നടപടിയൊതുക്കിയെന്നാണ് ജനപ്രതിനിധികളും പറയുന്നത്. കുടിവെള്ളം ജല അഥോറിറ്റിയില് നിന്ന് സൗജന്യമായി നല്കുമെന്ന് പറയുമ്പോഴും ആവശ്യത്തിന് ടാങ്കര് ലോറികള് കിട്ടാത്ത അവസ്ഥയുണ്ട്.
കുടിവെള്ള ക്ഷാമം നേരിട്ട് ദിവസങ്ങള് പിന്നിട്ടതിനു ശേഷമാണ് ജില്ലാ ഭരണകൂടം ഇടപെടല് നടത്തിയതെന്നും ആക്ഷേപമുണ്ട്. ചുരുക്കം ചിലയിടങ്ങളില് പമ്പിംഗ് നടക്കുന്നിടത്ത് കിട്ടുന്നത് മലിന ജലവുമാണ്. മരട് മുനിസിപ്പാലിറ്റിയിലും കുമ്പളം പഞ്ചായത്തിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. മരട് ജല ശുദ്ധീകരണശാലയുട ജല സ്രോതസായ പാഴൂര് പമ്പ് ഹൗസില് പമ്പ് സെറ്റിന് അടിയന്തര അറ്റകുറ്റപ്പണികള് നടക്കുന്നതിന്റെ പേരില് ജല വിതരണത്തിന് കഴിഞ്ഞ നാലു മുതല് ഏര്പ്പെടുത്തിയ നിയന്ത്രണമാണ് ജനത്തെ വലയ്ക്കുന്നത്. പണം കൊടുത്ത് കുടിവെള്ളം വാങ്ങിയാണ് ഇപ്പോള് പലരും ദാഹമകറ്റുന്നതും പാചകം ചെയ്യുന്നതും.
അമൃത് പദ്ധതി പുനഃപരിശോധിക്കണം
കുടിവെള്ള വിതരണ കരാറുകാര്ക്ക് മൂന്നു മാസത്തെ പണം കുടിശികയായി കിട്ടാനുള്ളതിനാല് പ്രാധാന്യമനുസരിച്ചുള്ള ഇടങ്ങളിലേക്ക് മാത്രമാണ് കുടിവെള്ളം എത്തിക്കുന്നത്. സ്വകാര്യ കുടിവെള്ള വിതരണക്കാര് ഈ അവസരം മുതലെടുത്ത് അമിത കൂലി ഈടാക്കുന്നുമുണ്ട്. പാഴൂര് പമ്പ് ഹൗസിലെ 804 എച്ച്.പി.മോട്ടറുകളില് ഒന്ന് തകരാറായതിനെ തുടര്ന്നാണ് കഴിഞ്ഞ നാലു മുതല് കുടിവെള്ള വിതരണത്തിന് നിയന്ത്രണമേര്പ്പെടുത്തിയത്. മൂന്ന് മോട്ടറുകളാണ് ഇവിടെയുള്ളത്. ഇതില് രണ്ടെണ്ണം തകരാറിലാണ്.
ഒരു പമ്പ് സെറ്റെങ്കിലും ശരിയായാല് ഒരു പരിധി വരെ പ്രശ്നം തീര്ക്കാന് കഴിയും. തകരാര് പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്നും ഉടന് പരിഹാരമുണ്ടാക്കാന് കഴിയുമെന്നുമാണ് ജല അഥോറിറ്റി അധികൃതര് പറയുന്നത്. ഇതിനിടെ പ്രശ്നം സംബന്ധിച്ച് ചര്ച്ച ചെയ്യുന്നതിന് മന്ത്രി മോന്സ് ജോസഫിന്റെയും മുഹമ്മദ് ഷിയാസ് എംഎല്എയുടേയും സാന്നിധ്യത്തില് ഉന്നതതല യോഗം നടന്നതാണ് ജനത്തിന്റെ പ്രതീക്ഷ.
ജലവിഭവ വകുപ്പ് റദ്ദാക്കിയ അമൃത് 2.0 പദ്ധതി പുനഃപരിശോധിക്കുന്നതടക്കം തീരദേശ കൊച്ചിയുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടാകും എന്നതാണ് യോഗ തീരുമാനം. അമൃത് പദ്ധതി വഴി തോപ്പുംപടിയില് നാലുലക്ഷം ലിറ്റര് ശേഷിയുള്ള ടാങ്ക് നിര്മാണവും പമ്പ് ഹൗസ് നവീകരണവും അനുബദ്ധ പൈപ്പ്ലൈന് ജോലികളും ഉള്പ്പെടുന്ന പദ്ധതിയാണ് 2027 ഓടെ പൂര്ത്തികരിക്കാന് കഴിയുന്നതെന്ന് മുഹമ്മദ് ഷിയാസ് എംഎല്എ പറഞ്ഞു.
District News
കൊച്ചി: ജൂലൈ മാസം ആദ്യ ആഴ്ച പിന്നിടുമ്പോഴും ജില്ലയില് പെയ്യാന് മടിച്ച് മഴ. കാലവര്ഷത്തില് ജില്ലയ്ക്ക് ലഭിക്കേണ്ട മഴയില് ഇതുവരെ 21 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്താകെ 32 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുവന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകള്ക്ക് മാത്രമാണ് ഇതുവരെ സാധാരണ ഗതിയിലുള്ള മഴ ലഭിച്ചിട്ടുള്ളത്. ജൂണ് ഒന്നു മുതല് ജൂലൈ മൂന്നു വരെ 771.3 മില്ലിമീറ്റര് മഴയാണ് ജില്ലയ്ക്ക് ആകെ ലഭിക്കേണ്ടിയിരുന്നത്. എന്നാല് ഇതുവരെ 606 മില്ലിമീറ്റര് മഴ മാത്രമാണ് ഈ കാലയളവില് ലഭിച്ചിട്ടുള്ളത്. കാലവര്ഷം തുടങ്ങിയതിനു ശേഷം ഏതാനും ദിവസങ്ങള് മാത്രമാണ് ജില്ലയില് ശക്തമായ മഴ ലഭിച്ചത്. വരുന്ന രണ്ടു ദിവസങ്ങളില് ജില്ലയില് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്.
ഉരുള്പൊട്ടല്, മണ്ണിടിച്ചില്, മലവെള്ളപ്പാച്ചില് സാധ്യതയുള്ള പ്രദേശങ്ങളില് താമസിക്കുന്നവര് അധികൃതരുടെ നിര്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല് അടച്ചുറപ്പില്ലാത്ത വീടുകളില് താമസിക്കുന്നവരും മേല്ക്കൂര ശക്തമല്ലാത്ത വീടുകളില് താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മഴ ശക്തമാകുന്ന അവസരങ്ങളില് അത്യാവശ്യമല്ലാത്ത യാത്രകള് ഒഴിവാക്കി വെള്ളച്ചാട്ടങ്ങള്, ജലാശയങ്ങള്, മലയോര മേഖലകള് എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള് മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്ണമായി ഒഴിവാക്കണമെന്നും മുന്നറിയിപ്പില് പറയുന്നു.
District News
കൊച്ചി: പോലീസ് ക്യാമ്പിൽ മദ്യപാനം കണ്ടെത്തിയതിനെ തുടര്ന്ന് പിടികൂടി വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഓടിപ്പോയ പോലീസുകാരന് ക്യാമ്പില് തിരിച്ചെത്തിയില്ല.
ഹില്പാലസ് പോലീസ് ക്യാമ്പിലെ ബാരക്കിലിരുന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മദ്യപിക്കുന്നതിനിടെയാണ് കെഎപി ഒന്നാം ബറ്റാലിയനിലെ മൂന്ന് പോലീസുകാരെ പതിവ് പരിശോധനയ്ക്കെത്തിയ ഓഫീസര്മാര് കുടിച്ചു തീരാത്ത മദ്യക്കുപ്പിയും ഗ്ലാസും മറ്റുമായി പിടികൂടിയത്.
ബറ്റാലിയനിലെ പോലീസുകാരായ കെ.യു. അഭിലാഷ്, എന്. നവാസ്, എം. വിഷ്ണു എന്നിവരെ സംഭവത്തില് സസ്പെന്ഡ് ചെയ്തിരുന്നു. തുടര്ന്ന് ഇവരെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് കൂട്ടത്തിലുണ്ടായ അഭിലാഷ് അവിടെയുണ്ടായിരുന്ന പോലീസുകാരെ തള്ളിയിട്ടു ഓടി രക്ഷപ്പെട്ടത്.
ഇയാള് ഇതുവരെ ക്യാമ്പില് തിരികെയെത്തിയിട്ടില്ല. ഒളിവിലാണെന്നാണ് പറയുന്നത്. സംഭവത്തിലുള്പ്പെട്ട നവാസിനെയും വിഷ്ണുവിനെയും ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി ഇരുവരും മദ്യപിച്ചത് പിന്നീട് സ്ഥിരീകരിച്ചു.
District News
കോതമംഗലം: കീരംപാറയില് ജനവാസ മേഖലയില് കാട്ടാന വീടിന്റെ മേല്ക്കൂര തകര്ത്തു. പുന്നേക്കാട് കൂരികുളം സ്വദേശി ഷെജി കുമാറിന്റെ വീടിന്റെ മേല്ക്കൂരയാണ് ആന തകര്ത്തത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് ആന എത്തിയത്. സംഭവത്തിൽ വീട്ടുകാര്ക്ക് പരിക്കുകളൊന്നും ഇല്ല.
കാട്ടാന ഭീതിയില് പേടിച്ചാണ് ഷെജിയും മാതാപിതാക്കളും ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബം കഴിയുന്നത്. എട്ടു വര്ഷമായി കാട്ടാന ഈ പ്രദേശത്ത് എത്തുന്നുണ്ട്. ആനയെ വനപാലകരും നാട്ടുകാരും ചേർന്ന് ഓടിച്ചു വിടുമെങ്കിലും ആന വീണ്ടും തിരിച്ചെത്തും. നേരത്തെ രാത്രിയാണ് ആന എത്തിക്കൊണ്ടിരുന്നതെങ്കില് ഇപ്പോള് സന്ധ്യയാകുമ്പഴേക്കും ആനകൾ ജനവാസ മേഖലയില് എത്തുകയാണ്.
വനംവകുപ്പ് ഉദ്യോഗസ്ഥരോട് നടപടി എടുക്കാന് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. വെള്ളിയാഴ്ച രാത്രി ഒരു കാട്ടാന മാത്രമാണ് എത്തിയതെങ്കിലും ദിവസങ്ങള്ക്ക് മുമ്പ് ഒരു കൊമ്പനും രണ്ടു പിടിയാനുകളും ഒരു കുട്ടിയാനയുമാണ് പ്രദേശത്ത് എത്തിയിരുന്നത് എന്നാണ് ഷെജി കുമാര് പറയുന്നത്.
രണ്ട് ദിവസം മുമ്പാണ് പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ച് ജനവാസ മേഖലയിലിറങ്ങിരുന്ന നാല് ആനകളെ വനപാലകരും നാട്ടുകാരുമടങ്ങുന്ന ദൗത്യ സംഘം ഉൾവനത്തിലേക്ക് തുരത്തിയോടിച്ചത്. എന്നിട്ടും പ്രദേശത്ത് ആനശല്യത്തിന് ഒരു ദിവസം പോലും അറുതിയില്ലെന്നത് നാട്ടുകാർക്കിടയിൽ അമർഷം ഉളവാക്കിയിരിക്കുകയാണ്.
District News
കളമശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ദുര്ബലപ്പെടുത്തുന്ന ഒരു നടപടിയും സര്ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നും മറിച്ച് അവയെ ശക്തിപ്പെടുത്തുന്ന നടപടികളാകും ഉണ്ടാകുകയെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്.
കളമശേരി നഗരസഭയുടെ നവീകരിച്ച എസി ടൗണ്ഹാളും മള്ട്ടിപര്പ്പസ് സ്റ്റേഡിയത്തിലെ പാര്ക്കും ടര്ഫും ആധുനിക ഇന്ഡോര് ജിമ്മും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മന്ത്രി അഡ്വ. വി.ഇ. അബ്ദുല് ഗഫൂര് അധ്യക്ഷനായി. ഹൈബി ഈഡന് എംപി. എംഎല്എമാരായ ഉമാ തോമസ്, ടി.ജെ. വിനോദ്, കളമശേരി നഗരസഭാ ചെയര്മാന് ജമാല് മണക്കാടന്, വൈസ് ചെയര്പേഴ്സണ് ഷറീന ഖമറുദ്ദീന്,
സ്ഥിരം സമിതി അധ്യക്ഷരായ എം.എ. വഹാബ്, വി.എച്ച്. ആസാദ്, അഞ്ജു മനോജ് മണി, മാര്ട്ടിന് തായ്കേരി, ബിന്ദു മനോഹരന്, നഗരസഭാ സെക്രട്ടറി ഇന് ചാര്ജ് കെ.എ. വിന്സെന്റ് എന്നിവര് പ്രസംഗിച്ചു.
District News
ആലുവ: പെരിയാറിന് കുറുകെയുള്ള തുരുത്ത് റെയിൽവേ നടപ്പാലത്തിലൂടെ ആലുവ നഗരത്തിലെത്തിച്ചേരണമെങ്കിൽ നാട്ടുകാർക്ക് കാട് മൂടിയ പടികൾ കയറണം. വിദ്യാർഥികളും സ്ത്രീകളും ഉൾപ്പടെ നൂറുകണക്കിനാളുകൾ നഗരത്തിലെത്താൻ കാൽനടയായി നിത്യവും സഞ്ചരിക്കുന്ന പാതയിലെ പടികളാണ് കാടുമൂടിക്കിടക്കുന്നത്.
മുകളിലേക്കുള്ള പതിനഞ്ചോളം പടികൾ കുറ്റിച്ചെടികൾ നിറഞ്ഞ് നിൽക്കുകയാണ്. ഇതിനുള്ളിലൂടെ തപ്പിതടഞ്ഞ് വേണം റെയിൽവേ നടപ്പാലത്തിലെത്താൻ.
പകൽ സമയത്തുപോലും യാത്ര ദുഷ്കരമായ ഈ വഴിയിലൂടെ നേരം വൈകി കഴിഞ്ഞാൽ യാത്ര ചെയ്യാൻ ഭയക്കേണ്ട സാഹചര്യമാണ്. മുമ്പുണ്ടായിരുന്ന തുരുത്ത് എസ്എൻ ടൈൽസിന് സമീപമാണിത്. വഴി കാടുമൂടിയതോടെ നടപ്പാലം പിടിച്ചുപറിക്കാരും, മോഷ്ടാക്കളും താവളമാക്കുന്നുമുണ്ട്.
കഴിഞ്ഞ മാസം തുരുത്തിലെ കൺസ്ട്രക്ഷൻ കമ്പനി ജോലിക്കാരനായ ഒരാളുടെ പണമടങ്ങിയ പേഴ്സും, മൊബെൽ ഫോണും മോഷ്ടാക്കൾ കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തിരുന്നു. തുരുത്ത് റെയിൽവേ നടപ്പാലത്തിൽ പോലീസ് പട്രോളിഗ് ഏർപ്പെടുത്തണമെന്നും, കാട് മൂടിയ നടവഴി കാട് നീക്കി സുരക്ഷിതമാക്കണമെന്നും തുരുത്ത് സമന്വയ ഗ്രാമവേദി ആവശ്യപ്പെട്ടു.
District News
ആലുവ: വിദ്യാർഥികൾ മാതാപിതാക്കളുടെ മാത്രമല്ല ഈ നാടിന്റെ സ്വപ്നവും പ്രതീക്ഷയും കൂടിയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നാടിന്റെ പുരോഗതിക്കായി വിദ്യാർഥികൾക്ക് സംഭാവന നൽകാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലുവ മഹാത്മഗാന്ധി മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമവും എംഎൽഎ മെറിറ്റ് അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിവുകൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്ത് വെല്ലുവിളികളെ ഏറ്റെടുത്ത് വിദ്യാർഥികളെ പ്രാപ്തരാക്കാൻ സർക്കാർ തയാറെടുപ്പുകൾ നടത്തുകയാണ്. സിലബസുകൾ കാലഹരണപ്പെടുകയാണ്. തൊഴിൽ സാധ്യതകളെ മുൻനിർത്തിയാണ് സിലബസുകൾ രൂപീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത്, പ്രത്യേകിച്ച് പെൺകുട്ടികൾ കൈവരിക്കുന്ന മുന്നേറ്റം പ്രശംസനീയമാണ്. രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ സാന്നിധ്യം ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ നീന്തൽ പരിശീലകൻ സജി വളാശേരിയെ ആദരിച്ചു. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷനായി.
എംപിമാരായ ബെന്നി ബഹനാൻ, ജെബി മേത്തർ എന്നിവർ മുഖ്യാതിഥികളായി. ആലുവ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സൈജി ജോളി, ബ്ലോക്ക് റിസോഴ്സ് ഓഫീസർ ആർ.എസ്. സോണിയ, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം. ജോസഫ്, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും സോണൽ ഹെഡുമായ സി.എം. ശശിധരൻ തുടങ്ങിയവരും പ്രസംഗിച്ചു.
District News
ആലുവ: നിയോജക മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധാലുവാണ് അൻവർ സാദത്ത് എംഎൽഎയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എംഎൽഎമാരിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഏറ്റവും കൂടുതൽ പരാതികൾ നൽകുന്നത് ആലുവ എംഎൽഎ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. എംഎൽഎമാരുടെ പരാതികൾ ഓരോ സെറ്റായി മുറിയിൽ മാറ്റി വച്ചിട്ടുണ്ട്. അതിൽ ഏറ്റവും പൊക്കമുളളത് അൻവർ സാദത്തിന്റേതാണെന്ന് മുഖ്യമന്ത്രിപറഞ്ഞു.
മണ്ഡലത്തിലെ വികസന കാര്യങ്ങളിലും വിദ്യാർഥികളുടെ ആവശ്യങ്ങളിലും സജീവമായി ഇടപെടുന്ന അൻവർ സാദത്ത് എംഎൽഎയുടെ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി ആലുവയിൽ നടന്ന പരിപാടിക്കിടെ പ്രത്യേകം അഭിനന്ദിച്ചു. സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പ്രത്യേക പരിശീലന കേന്ദ്രം ആലുവയിൽ ഒരുക്കുന്ന കാര്യത്തിൽ അനുകൂലമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
വിദ്യാർഥികളുമായുള്ള സംവാദത്തിലും നിറഞ്ഞുനിന്നത് പ്രിയദർശിനി പദ്ധതി
ആലുവ: വനിതാ യാത്രക്കാർക്ക് നൽകുന്ന സൗജന്യ പദ്ധതിയിൽ നിന്ന് സാമ്പത്തിക ഭദ്രതയുള്ളവരെ ഒഴിവാക്കണമെന്നാവശ്യം ഉന്നയിച്ച് വിദ്യാർഥിനികൾ. എന്നാൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് നൽകിയ സൗജന്യം അവരോടുള്ള ആദരവാണെന്നും അതുവഴി സാമൂഹിക സാമ്പത്തിക പുരോഗമനമാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വേദിയിൽ നിന്നും ഉയർന്ന വിദ്യാർഥികളുടെ കായികാധ്യാപകരില്ലെന്നതടക്കമുള്ള ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി.
എസ്എസ്കെയിൽ രണ്ടു മാസമായി ശമ്പളമില്ല
ആലുവ: എസ് എസ് കെ യിൽ രണ്ട് മാസമായി ശമ്പളമില്ലെന്നും അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് അധ്യാപകരും ജീവനക്കാരും മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി. മേയ്, ജൂൺ മാസങ്ങളിലെ ശമ്പളമാണ് ലഭിക്കാത്തത്. കഴിഞ്ഞ ഏപ്രിൽ മാസത്തെ ശമ്പളം ജൂണിലാണ് ലഭിച്ചത്. ആലുവ ബി ആർ സി യിലെ കരാർ, താത്ക്കാലിക അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരാണ് നിവേദനം നൽകിയത്.
District News
അങ്കമാലി: എംസി റോഡിലെ കാലടി പാലത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ഗതാഗതക്കുരുക്കിൽ ഹൃദയാഘാതം മൂലം അത്യാസന്ന നിലയിലാകുകയും സമീപത്തുണ്ടായിരുന്ന സ്വകാര്യ ബസിലെ നഴ്സുമാർ ഓടിയെത്തി സിപിആർ നൽകുകയും നാട്ടുകാരുടെ സഹായത്തോടെ ആംബുലൻസിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിക്കുകയും ചെയ്ത കാർ യാത്രികൻ പെരുമ്പാവൂർ പള്ളികവല ഹൈദരലി ജംഗ്ഷനിൽ ചീരക്കകുടി സി.ഇ. സിനാജ് (43) പുതുജീവിതത്തിലേക്ക്.
കാർഡിയോളജിസ്റ്റ് ഡോ. സാജൻ നാരായണന്റെ നേതൃത്വത്തിൽ ആൻജിയോ പ്ലാസ്റ്റിക് സർജറിക്ക് അടിയന്തരമായി വിധേയമാക്കി രക്തക്കുഴലിലെ ബ്ലോക്ക് നീക്കം ചെയ്തു.
ഇതേ തുടർന്ന് പൂർണ ആരോഗ്യവാനായി ഇന്നലെ വീട്ടിലേക്ക് മടങ്ങിയ സിനാജിനെ എൽഎഫ് ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കപ്പിള്ളിയുടെയും ഡോക്ടർമാരുടെയും നഴ്സുമാരുടെയും നേതൃത്വത്തിൽ പൂച്ചെണ്ടുകൾ നൽകിയാണ് യാത്രയാക്കിയത്. തന്നെ പരിചരിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി പറഞ്ഞാണ് അദ്ദേഹം ആശുപത്രി വിട്ടത്.
District News
അങ്കമാലി: തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില് 24 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള് പിടിയില്. മട്ടാഞ്ചേരി ഇരവേലി മംഗലത്ത് പറമ്പ് റിസ്വാന് (23), സൗത്ത് ചെല്ലാനം ചിത്തിര ഡെയ്ലില് വിക്ടര് ജോസ് (36) എന്നിവരെയാണ് റൂറല് ജില്ലാ ഡാന്സാഫ് ടീമും നെടുമ്പാശേരി പോലീസും ചേര്ന്ന് പിടികൂടിയത്.
ബംഗളൂരുവില് നിന്ന് രണ്ടുപേരും രാസലഹരി വാങ്ങി കാറില് വരുന്ന വഴിയാണ് അത്താണി ഭാഗത്ത് വെച്ച് പോലീസ് ഇവരെ കസ്റ്റഡിയില് എടുത്തത്. കാറിന്റെ ഡാഷ്ബോര്ഡിന് കീഴിലെ പ്രത്യേക അറയില് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ഐടി മേഖലയില് ആയിരുന്നു വില്പന. ഇതില് വിക്ടര് അഭിഭാഷകനാണെന്നാണ് വിവരം.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്ശന്റെ നേതൃത്വത്തില് ഡാന്സാഫ്ടീം, ഡിവൈഎസ്പിമാരായ ജെ. ഉമേഷ് കുമാര്, എന്.ബാബുക്കുട്ടന് നെടുമ്പാശേരി ഇന്സ്പെക്ടര് ബി.കെ. അരുണ്, സബ് ഇന്സ്പെക്ടര് അരുണ് ദേവ് എന്നിവരാണ് അന്വേഷണ സംഘത്തില് ഉണ്ടായിരുന്നത്.
District News
പറവൂര്: ദേശീയപാത 66 നിര്മാണവുമായി ബന്ധപ്പെട്ട് പറവൂര് നിയോജകമണ്ഡലത്തിലെ പറവൂര് നഗരസഭ, വരാപ്പുഴ, ചിറ്റാറ്റൂകര ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ഇരുവശവും ഉള്ള വെള്ളക്കെട്ട് മാറ്റാനായി 21.44 കോടി രൂപ നാഷണല് ഹൈവേ അഥോറിറ്റി അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശന് അറിയിച്ചു.
പറവൂര് നിയോജകമണ്ഡലത്തില് നാഷണല് ഹൈവേ 66 കടന്നുപോകുന്ന വരാപ്പുഴ മുതല് മൂത്തകുന്നം വരെയുള്ള എല്ലാ പഞ്ചായത്തുകള്ക്കും നഗരസഭയ്ക്കും ഇതിന് വേണ്ടിയുള്ള എസ്റ്റിമേറ്റ് സമര്പ്പിക്കാന് നിര്ദേശം നല്കിയിരുന്നു.
രണ്ടു പഞ്ചായത്തുകളും പറവൂര് നഗരസഭയും തയാറാക്കി നാഷണല് ഹൈവേ അഥോറിറ്റിക്കു നല്കിയ എസ്റ്റിമേറ്റ് പരിശോധിച്ചാണ് തുക അനുവദിച്ചത്. വരാപ്പുഴ പഞ്ചായത്തിന് 8.19 കോടിയും പറവൂര് നഗരസഭയ്ക്ക് 7.58 കോടിയും ചിറ്റാറ്റുകര പഞ്ചായത്തിന് 5.67 കോടിയുമാണ് അനുവദിച്ചത്. മറ്റു രണ്ട് പഞ്ചായത്തുകളും എസ്റ്റിമേറ്റ് നല്കുന്ന മുറയ്ക്ക് തുക അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.